ആമി

ജീവിതംകൊണ്ടും എഴുത്തുകൊണ്ടും ഭ്രമിപ്പിച്ച, അമ്പരപ്പിച്ച സ്ത്രീയാണ് മാധവിക്കുട്ടി. അവരെ കമൽ ‘ആമി’യാക്കിപ്പോൾ അത് പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. തുടക്കംമുതൽ സൃഷ്ടിച്ച വിവാദങ്ങൾക്കൊടുവിൽ ‘ആമി’ തിയേറ്ററുകളിലെത്തിയപ്പോൾ ശേഷിക്കുന്നത് മൂന്നുമണിക്കൂർ നീണ്ട വിരസതയാണ്. മനോഹരമായ ചെറുകഥകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മാധവിക്കുട്ടിയെക്കുറിച്ചുള്ള ഒട്ടും മനോഹരമല്ലാത്ത നീണ്ടകഥ.
എന്റെ കഥ എന്ന ആത്മകഥകൊണ്ട് മലയാളിപ്പെണ്ണുങ്ങളെ ഭ്രമിപ്പിച്ച, ലൈംഗികതയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും തുറന്നെഴുതിയ മാധവിക്കുട്ടി എന്ന കമലാസുരയ്യയെക്കുറിച്ച് ഒരു ക്ലാസ് അസൈൻമെന്റ് എഴുതുന്ന ലാഘവത്തോടെയുള്ള ഗവേഷണവുമായാണ് കമൽ സിനിമയൊരുക്കിയത്. ദുർബലമായി എഴുതിയ, പഴഞ്ചൻ ശൈലിയിൽ ആവിഷ്കരിച്ച ജീവിതകഥയാണ് ഈ സിനിമ. 
നടൻ, ഉട്ടോപ്യയിലെ രാജാവ് - ഈ സിനിമകളുടെ നിലവാരത്തിൽനിന്ന് ഒട്ടും മുകളിലേക്ക്‌ കയറാത്ത അനുഭവമാണ് ആമി. മഞ്ജുവാര്യരാണ് ആമിയായെത്തുന്നത്. മുടി അഴിച്ചും വലിയ പൊട്ട്‌ തൊട്ടും കണ്ണടയണിഞ്ഞും മഞ്ജു മാറിയിട്ടുണ്ടെങ്കിലും മലയാളി വായിച്ചറിഞ്ഞ മാധവിക്കുട്ടിയായി മാറാൻ സാധിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്. എന്നാൽ പർദയണിഞ്ഞ അവശയായ സുരയ്യയായി മഞ്ജുവിന് വിശ്വസനീയവും കൈയൊതുക്കവുമുള്ള പ്രകടനത്തിന് കഴിയുന്നുണ്ട്.
മാധവിക്കുട്ടി എന്ന സാഹിത്യകാരിയിലല്ല, ആമി എന്ന പെൺകുട്ടിയിൽ, കമലാദാസ് എന്ന ഭാര്യയിൽ, കമലാ സുരയ്യ എന്ന അനാഥയിൽ ആണ് കമലിന്റെ രചനയുടെ ഫോക്കസ്. എന്റെ കഥ പറഞ്ഞ മാധവിക്കുട്ടിയുടെ വിവാഹജീവിതത്തെക്കുറിച്ചുള്ള എത്തിനോക്കലാണ് ആദ്യപകുതി. രണ്ടാംപകുതി അവരുടെ ജീവിതത്തിലെ ഏറ്റവും വിവാദമായ മതംമാറ്റത്തെക്കുറിച്ചുള്ള വിശദീകരണവും. 
ആദ്യപകുതി കാലഘട്ടങ്ങളുടെ ദൈർഘ്യവും ഇടവേളകളും കൊണ്ട് പറഞ്ഞുഫലിപ്പിക്കാൻ നന്നേ പാടുപെടുന്നുണ്ട് കമൽ. എന്നാൽ മതംമാറ്റത്തിലേക്കെത്തുമ്പോൾ കുറച്ചുകൂടി വിശദാംശങ്ങളിലേക്ക്‌ കടക്കുന്നുണ്ട്. ഒരു ധനികനായ മുസ്‌ലിമിനെ മോഹിച്ച്‌ മതംമാറി, ഒടുവിൽ ചതിക്കപ്പെടുന്ന, പിന്നീട് മതത്തിന്റെ ചട്ടക്കൂടിൽ വീർപ്പുമുട്ടുന്ന കമലാസുരയ്യയെ അവതരിപ്പിക്കുമ്പോൾ ഒട്ടുമേ ധൈര്യമില്ലാതെ, എവിടെയും തൊടാതെ, വിവാദങ്ങളെ ഭയക്കുന്ന ആഖ്യാനമായി മാറി. കാമുകനെപ്പറ്റി വ്യക്തമായി പറയാതെ ഉർദു ഗസലുകളുടെ പ്രേമിയായ ഏതോ ഒരു അക്ബർ അലിയായാണ് ഈ കാല്പനിക കാമുകൻ വരുന്നത്. 
അനൂപ് മേനോൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ വരവോടെയാണ് എല്ലാവരുമറിയുന്ന മാധവിക്കുട്ടിയുടെ കഥ എന്ന നിലയിൽനിന്ന് സിനിമ കുറച്ചെങ്കിലും എൻഗേജിങ് ആയിരിക്കുന്നത്. ആ പ്രണയത്തെ കാല്പനികതയിൽ മുക്കി, റിയാലിറ്റിയിൽനിന്ന് ഒളിച്ചോടിയിരിക്കുകയാണ് കമൽ.
മാധവിക്കുട്ടിയുടെ ശക്തമായ കൃഷ്ണഭക്തിയെ ചുറ്റിയാണ് കഥപറയാൻ വഴി കണ്ടെത്തിയിരിക്കുന്നത്. ആമി കഥപറയുന്ന കൃഷ്ണനായെത്തുന്നത് ടൊവിനോ തോമസാണ്. 
കമലാദാസിന്റെ ഭർത്താവായ മാധവദാസായെത്തുന്നത് മുരളിഗോപിയാണ്‌. പക്വമായ പ്രകടനമാണ് മുരളി ഗോപി കാഴ്ചവെച്ചിട്ടുള്ളത്. സന്തോഷ് കീഴാറ്റൂർ, വിനയപ്രസാദ് എന്നിവരാണ് മറ്റ്‌ പ്രധാന വേഷങ്ങളിൽ. മധു നീലകണ്ഠന്റെ ദൃശ്യങ്ങൾ മിഴിവേറിയതാണ്. 
ബിജിബാലിന്റെ പശ്ചാത്തലസംഗീതവും ജയചന്ദ്രന്റെ ഇമ്പമുള്ള പാട്ടുകളും ശ്രദ്ധേയം.