സ്റ്റാന്‍ലി ജോസ്-ഈ പേര് മലയാള സിനിമാചരിത്രത്തോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പിന്നണിയില്‍ അധികമാരും അറിയാതെയായിരുന്നു എന്നും സ്റ്റാന്‍ലി. എന്നാല്‍ പില്‍ക്കാലത്ത് മലയാളസിനിമയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച പല സംവിധായകരുടെയും ഗുരുവാണ് ഈ എണ്‍പതുകാരന്‍. ഉദയായുടെ ഒട്ടുമുക്കാല്‍ സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടര്‍ സ്റ്റാന്‍ലിയായിരുന്നു. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമാ സാങ്കേതികവികാസ ചരിത്രത്തിന്റെ മാത്രമല്ല ബോക്സ്ഓഫീസ് വിജയചരിത്രങ്ങള്‍ക്കൊപ്പവും സ്റ്റാന്‍ലിയുടെ പേരുണ്ടായിരുന്നു. ചെറുപ്പം മുതലേ മനസ്സില്‍ കുടിയേറിയ സിനിമയെ ഈ എണ്‍പതാം വയസ്സിലും അദ്ദേഹം കൂടെ കൊണ്ടുനടക്കുന്നു. ജീവിതസായാഹ്നത്തില്‍ ഒരു തമിഴ് സിനിമയുമായാണ് സ്റ്റാന്‍ലി വരുന്നത്. കൂടെ ഭാര്യ കനകം സ്റ്റെല്ലയുമുണ്ട്. ഭാര്യയുടെ തിരക്കഥയില്‍ ഭര്‍ത്താവ് സംവിധാനം ചെയ്ത 'അന്തകുയില്‍ നീ താനാ' എന്ന ചിത്രം തിയേറ്ററുകളിലെത്തി. അരങ്ങിലും അണിയറയിലും പുതുമുഖങ്ങളാണ് ഏറെയും ഈ ചിത്രത്തില്‍. എണ്‍പതിലും ഒളിമങ്ങാത്ത സിനിമാവേശമാണ് മനസ്സില്‍. ആലപ്പുഴ പൂങ്കാവിലുള്ള വീട്ടില്‍ സിനിമതന്നെയാണ് വര്‍ത്തമാനം.
ബിരുദപഠനം കഴിഞ്ഞ് മദ്രാസിലേക്ക് വണ്ടി കയറിയത് സിനിമാസ്വപ്നങ്ങളുമായായിരുന്നു. അവിടെ ബാങ്ക് ജോലിക്കൊപ്പം സിനിമയില്‍ അവസരം തേടി. അങ്ങനെ തമിഴ് സിനിമയില്‍ സംവിധായകന്‍ ശ്രീധറിന്റെ കൂടെ സാങ്കേതികവിദ്യകള്‍ പഠിച്ച സ്റ്റാന്‍ലി പിന്നെ മെരിലാന്‍ഡില്‍ സുബ്രഹ്മണ്യന്‍ മുതലാളിക്കൊപ്പവും പിന്നെ ഉദയായില്‍ കുഞ്ചാക്കോയ്‌ക്കൊപ്പവും സിനിമയില്‍ സജീവമായി. എം. കൃഷ്ണന്‍നായര്‍, കെ.എസ്. സേതുമാധവന്‍, എ. വിന്‍സെന്റ്, പി.എന്‍. മേനോന്‍, തോപ്പില്‍ ഭാസി, രഘുനാഥ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമാണ് സ്റ്റാന്‍ലിയെ ഈ സ്റ്റുഡിയോയുടെ അഭിവാജ്യഘടകമാക്കി മാറ്റിയത്. മലയാള സിനിമയെ സ്റ്റുഡിയോകളില്‍നിന്ന് മോചിപ്പിച്ച ചിത്രമായ ഓളവും തീരവും എന്ന സിനിമയിലും സഹസംവിധായകനായി സ്റ്റാന്‍ലി ഉണ്ടായിരുന്നു. 
മറ്റുള്ളവരുടെ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ സ്വന്തം സിനിമ പലപ്പോഴും സ്റ്റാന്‍ലിക്ക് സ്വപ്നമായി അവശേഷിച്ചു. അതുകൊണ്ടുതന്നെ നാലു ചിത്രങ്ങളേ സ്വന്തം പേരില്‍ സംവിധാനം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. വേഴാമ്പല്‍, അമ്മയും മകളും, ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍, ഇപ്പോഴിതാ ഒരു തമിഴ് ചിത്രവും. അന്ത കുയില്‍ നീ താനാ. 
തച്ചോളി അമ്പു, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, പടയോട്ടം, പൊന്നുരുക്കും പക്ഷി, മക്കള്‍ മാഹാത്മ്യം, എന്നീ ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡില്‍ സ്റ്റാന്‍ലിയുടെ പേര് സംവിധാനമേല്‍നോട്ടം എന്നായിരുന്നു. ഇതില്‍ വേഴാമ്പല്‍, അമ്മയും മകളും എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് ഭാര്യ കനകം സ്റ്റെല്ലയാണ്. സഹസംവിധായകനില്‍നിന്ന് സ്വതന്ത്രസംവിധായകനാവാന്‍ അവസരം വന്നപ്പോള്‍ ഒരു സിനിമ തുടങ്ങിയതാണ്. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ അതിന്റെ വിഷയം അപകടമാവുമെന്നു തോന്നി. പിന്നെ ഭാര്യ എഴുതിയ ഒരു പ്രണയകഥ സിനിമയാക്കി. അതാണ് വേഴാമ്പല്‍. ശ്രീദേവി നായികയായ വേഴാമ്പലിലൂടെയാണ് രതീഷ് സിനിമയിലെത്തുന്നത്. 
അമ്മയും മകളും ആ വര്‍ഷം കളക്ഷനില്‍ നാലാം സ്ഥാനം നേടിയ ചിത്രമായിരുന്നു. ഉദയായുടെ ഒരു ചിത്രത്തിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് മദ്രാസില്‍ താമസിക്കുമ്പോള്‍ ഫെമിനയില്‍ കണ്ട ഒരു കത്തില്‍ നിന്നാണ് ആ ചിത്രത്തിന്റെ തുടക്കം. ഒരു ഹോസ്പിറ്റലില്‍ പ്രസവം കഴിഞ്ഞ് കിടന്ന ഒരമ്മയുടെ അനുഭവമായിരുന്നു അത്. ഒമ്പതുദിവസം കഴിഞ്ഞ് ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി പോവാനൊരുങ്ങുമ്പോള്‍ നഴ്സ് വന്നു പറയുന്നു. നിങ്ങളുടെ കുഞ്ഞിനെ മാറിപ്പോയിരിക്കുന്നു. ശരിയായ കുഞ്ഞ് ഇതാണെന്നു പറഞ്ഞ് മറ്റൊരു കുട്ടിയെ കൊടുക്കുകയും ചെയ്തു. സ്വന്തം കുഞ്ഞാണെന്നു കരുതി ഒമ്പതുദിവസം പാലൂട്ടിയ ആ കുഞ്ഞിനെ പിരിയാന്‍വയ്യാത്ത അമ്മയുടെ മനസ്സും സംഘര്‍ഷവുമായിരുന്നു കത്തില്‍. അത് സിനിമയ്ക്ക് പറ്റിയതാണെന്നു തോന്നി. അന്നു ഭാര്യക്ക് കത്തെഴുതിയ കൂട്ടത്തില്‍ ഈ സംഭവവും കുറിച്ചു. ഒരു മാസം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും ഭാര്യ ഇതുവെച്ചൊരു 35 സീന്‍ എഴുതിക്കഴിഞ്ഞിരുന്നു. പിന്നെ ബാക്കി ഞങ്ങള്‍ ചര്‍ച്ചചെയ്ത് എഴുതി സിനിമയാക്കുകയായിരുന്നു. ഈ ചിത്രത്തിലെ തത്തമ്മപ്പെണ്ണിന് എന്ന പാട്ടിന് ഒ.എന്‍.വി.ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 
എറണാകുളത്ത് കേരള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചീഫ് ഇന്‍സ്ട്രക്ടറായിരുന്ന സ്റ്റാന്‍ലി ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ, അമൃത, ഷാലോം ചാനലുകള്‍ക്ക് വേണ്ടി സീരിയലുകള്‍, ടെലിഫിലിം എന്നിവയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. ഒട്ടേറെ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. എണ്‍പതുകളിലെ ന്യൂജെന്‍ സിനിമയ്‌ക്കൊപ്പമുണ്ടായിരുന്ന സ്റ്റാന്‍ലി കാലത്തിനൊത്ത് സിനിമയുടെ ഭാഷ മാറിയതും തിരിച്ചറിഞ്ഞിരിക്കുന്നു. പരസ്യചിത്രങ്ങളും കാര്‍ട്ടൂണ്‍ സിനിമകളും കണ്ടുരസിക്കുന്ന തലമുറയ്ക്ക് മുന്നില്‍ ചടുലതയോടെതന്നെ കഥ പറയണമെന്ന പക്ഷക്കാരനാണ് സ്റ്റാന്‍ലി. ഇപ്പോള്‍ ഈ തമിഴ് സിനിമയ്ക് പുറമെ ഒരു മലയാളം സിനിമയും സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മകന്‍ ഗ്രിന്‍സ് അശോക് സംവിധായകന്‍ സിബി മലയിലിന്റെ സംവിധാനസഹായിയായിരുന്നു. ഇപ്പോള്‍ ഷാലോം ടെലിവിഷനില്‍ ജോലി ചെയ്യുന്നു. ഐശ്വര്യ, ട്വിങ്കിള്‍, ടോണി, സുദര്‍ശന്‍ എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കളായ ബൈജുമോനും ഷാലിമോളും അടങ്ങുന്നതാണ് കുടുംബം.