ചില ക്ലാസിക് സൃഷ്ടികള്‍ പ്രണയംപോലെയാണ്. എത്ര നുകര്‍ന്നാലും മതിവരാതെ, എത്ര ആവര്‍ത്തിച്ചിട്ടും ലഹരി കുറയാതെ, ചുണ്ടുകള്‍ക്ക് പ്രിയപ്പെട്ട ചഷകങ്ങളായി അവ നിലനില്ക്കും. ഡിറ്റക്ടീവ് ഹെര്‍ക്യുള്‍ പറോയുടെയും ഓറിയന്റ് എക്സ്പ്രസിലെ അജ്ഞാതനായ കൊലയാളിയുടെയും കഥ അത്തരത്തിലൊന്നാണ്. അഗതാ ക്രിസ്റ്റിയുടെ വിഖ്യാത നോവല്‍ 'മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസ്' വീണ്ടും അതേപേരില്‍ വെള്ളിത്തിരയിലെത്തുകയാണ്, മോഹിപ്പിക്കുന്ന ഒരു താരനിരയ്ക്കൊപ്പം.
പുരസ്‌കാരങ്ങളുടെ കാമുകന്‍ കെന്നത്ത് ബ്രാണയാണ് ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകത്തിന്റെ പുതിയ വ്യാഖ്യാതാവ്. ചിത്രം സംവിധാനം ചെയ്യുന്നതും ഹെര്‍ക്യൂള്‍ പറോ എന്ന പ്രശസ്ത കുറ്റാന്വേഷകനായെത്തുന്നതും ബ്രാണതന്നെ. ഒപ്പം അണിനിരക്കുന്നതും പ്രതിഭകള്‍. ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളായ പെനെലൊപി ക്രൂസ്, ജൂഡി ഡെഞ്ച്, മൈക്കിള്‍ ഫീഫര്‍ എന്നിവരും അക്കാദമി അവാര്‍ഡ് നോമിനേഷന്‍ നേടിയിട്ടുള്ള ജോണി ഡെപ്പ്, വില്യം ഡാഫോ എന്നിവരും ചിത്രത്തിലുണ്ട്. വിവിധ വിഭാഗങ്ങളിലായി അഞ്ച് ഓസ്‌കര്‍ നോമിനേഷനുകള്‍ നേടുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടമുണ്ട് കെന്നത്ത് ബ്രാണയ്ക്കും. 
ഓറിയന്റ് എക്സ്പ്രസില്‍ ലണ്ടനിലേയ്ക്കുള്ള മടക്കയാത്രയിലാണ് ജര്‍മന്‍ കുറ്റാന്വേഷകനായ ഹെര്‍ക്യൂള്‍ പറോ. യാത്ര രണ്ടാമത്തെ രാത്രി പിന്നിടുമ്പോള്‍ ട്രെയിനില്‍ അസാധാരണമായ ചില സംഭവങ്ങള്‍ അരങ്ങേറി. നേരം പുലര്‍ന്നത് പറോയുടെ തൊട്ടടുത്ത കംപാര്‍ട്ട്മെന്റില്‍ അമേരിക്കന്‍ വ്യവസായപ്രമുഖനായ മി. റാഷെറ്റ് മരിച്ചുകിടക്കുന്നു എന്ന വാര്‍ത്തയുമായാണ്. ആരായിരിക്കും ആ കൊലയാളി? ഹെര്‍ക്യൂള്‍ പറോയുടെ ത്രസിപ്പിക്കുന്ന അന്വേഷണ വഴികളിലൂടെയാണ് ഓറിയന്റല്‍ എക്സ്പ്രസ് തുടര്‍ന്ന് യാത്ര ചെയ്യുന്നത്. 
പൈലര്‍ എസ്ട്രവഡോസ് ആയി പെനെലൊപി എത്തുമ്പോള്‍ എഡ്വാര്‍ഡ് റാഷെറ്റ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ജോണി ഡെപ്പ് അവതരിപ്പിക്കുന്നത്. ബ്രാണയുടെ ഡിറ്റക്ടീവ് വേഷത്തിനൊപ്പം ജോണി ഡെപ്പ് എന്ന സൂപ്പര്‍താരത്തിന്റെ ക്ലാസിക് അവതാരമാണ് പുതിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 
മുന്‍ ചിത്രങ്ങളില്‍നിന്നും നേരിയ മാറ്റങ്ങളോടെയാകും ബ്രാണ തന്റെ സിനിമയൊരുക്കുക. മൈക്കെല്‍ ഗ്രീന്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബ്രാണയ്ക്കൊപ്പം പ്രമുഖ സംവിധായകന്‍ റിഡ്ലി സ്‌കോട്ടും ചേര്‍ന്നാണ് പുതിയ ഓറിയന്റ് എക്സ്പ്രസ് നിര്‍മിക്കുന്നത്. നവംബറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ട്രയിലറും പുറത്തിറങ്ങി. ചിത്രം വിജയിച്ചാല്‍ തുടര്‍ഭാഗങ്ങള്‍ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് ബ്രാണയും ഒപ്പം അഗത ക്രിസ്റ്റി ലിമിറ്റഡ് ചെയര്‍മാനും ക്രിസ്റ്റിയുടെ ചെറുമകനുമായ ജെയിംസ് പ്രിച്ചാര്‍ഡും. 20-ാമത് സെഞ്ചുറി ഫോക്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 
പ്രശസ്ത അമേരിക്കന്‍ വൈമാനികനും സൈനികോദ്യോഗസ്ഥനുമായിരുന്ന ചാള്‍സ് ലിന്‍ഡ്ബെര്‍ഗിന്റെ മകന്റെ തിരോധാനവും കൊലപാതകവും ആസ്പദമാക്കിയാണ് അഗതാ ക്രിസ്റ്റി മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസ് എന്ന നോവല്‍ രചിക്കുന്നത്. ഓറിയന്റ് എക്സ്പ്രസ്പോലുള്ള കഥാപശ്ചാത്തലങ്ങളും യഥാര്‍ഥമായിരുന്നു. 1974-ല്‍ ഇതേപേരില്‍ സിഡ്നി ലുമെറ്റ് സംവിധാനംചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യത്തെ 'ജെയിംസ് ബോണ്ട് ' ഷോണ്‍ കെണെറി, ആല്‍ബെര്‍ട്ട് ഫിനി, ലോറെന്‍ ബകാള്‍ എന്നിവര്‍ക്കൊപ്പം മൂന്ന് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത നടി ഇന്‍ഗ്രിഡ് ബെര്‍ഗ്മാനും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തി. 2001-ല്‍ ഈ തീവണ്ടിക്കൊലയുടെ കഥ ടിവി മൂവിയായി. ഇത് നാലാം തവണയാണ് ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം വെള്ളിത്തിരയിലെത്തുന്നത്.