പ്രൊഫസര്‍ മാത്യു ഇടിക്കുള,  ലാല്‍ജോസുമായി ഒന്നിക്കുന്ന ആദ്യ ചിത്രത്തില്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന കഥാ
പാത്രവുമായാണ് മോഹന്‍ലാല്‍ വരുന്നത്. 'വെളിപാടിന്റെ പുസ്തകം' എന്ന് പേരിട്ട  ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. 
കാമ്പസിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കാമ്പസിലെ നന്മയും ചോരത്തിളപ്പുമെല്ലാം കോര്‍ത്തിണക്കി അവതരിപ്പിക്കുന്നു. 
ഒരു പ്രത്യേക സാഹചര്യത്തിലാണ് കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായി പ്രൊഫസര്‍ മാത്യു ഇടിക്കുള ചുമതലയേല്‍ക്കുന്നത്. ഇതുവരെയും പ്രൊഫസര്‍ പ്രേമരാജ് ഇരുന്ന കസേരയിലേക്കാണ് മൈക്കിള്‍ ഇടിക്കുളയുടെ കടന്നുവരവ്. രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും വശ്യമായ വാക്ചാതുര്യത്തിലുമെല്ലാം ആരെയും ആകര്‍ഷിക്കാന്‍പോന്ന ഒരു കഥാപാത്രം. ഇദ്ദേഹത്തിന്റെ കടന്നുവരവോടെ, കാമ്പസിന്റെ അതുവരെയുണ്ടായിരുന്ന നടപടിക്രമങ്ങള്‍ക്ക് വലിയമാറ്റമുണ്ടായി. ഗുരുശിഷ്യബന്ധത്തിന് പുതിയൊരു വ്യാകരണവും ഉണ്ടാകുകയായിരന്നു പിന്നീട്. ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കടല്‍ത്തീരത്തു സ്ഥിതിചെയ്യുന്ന ഒരു കോളേജിന്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
അങ്കമാലി ഡയറീസ്സിലൂടെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത്ത്, ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ കുര്യന്‍ തുടങ്ങിയ പുതുതലമുറക്കാരായ അഭിനേതാക്കളും ചിത്രത്തിലുണ്ട്. അങ്കമാലി ഡയറീസിലെനായികയായ അന്നാരേഷ്മരാജനാണ് ഈ ചിത്രത്തിലെ ഒരു നായിക. മറ്റൊരു നായിക പ്രിയങ്കാനായരാണ്. സലിംകുമാര്‍, മറിമായം പരമ്പരയിലൂടെ ശ്രദ്ധേയയായ സ്‌നേഹ, ശിവജി ഗുരുവായൂര്‍, സുബീഷ്, ബാലചന്ദ്രന്‍ തൃശ്ശൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സ്‌നേഹയും അധ്യാപികയാണ്. സലിംകുമാര്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രേമരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുബീഷ് കോളേജ് പ്യൂണാണ്.
സംവിധായകന്‍ ജൂഡ് ആന്റണി ചിത്രത്തില്‍ വിജ്ഞാനികോശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 അനൂപ്മേനോന്‍, സിദ്ദിഖ്, വിജയ്ബാബു, കൃഷ്ണകുമാര്‍, മണികണ്ഠന്‍ (കമ്മട്ടിപ്പാടം ഫെയിം) അനന്തുസിദ്ധാര്‍ഥ്, ജോളി, ദേവിക, അമൃത, മീര എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍,മനു മഞ്ജിത്ത്, വയലാര്‍ ശരത്ചന്ദ്രവര്‍മ,സന്തോഷ് വര്‍മ എന്നിവരുടേതാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. 
സംഗീതം ഷാന്‍ റഹ്മാന്‍, കലാസംവിധാനം അജയ്മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറാ സനീഷ്, അസോസിയേറ്റ് ഡയറക്ടേഴ്സ് അനില്‍ ഏബ്രഹാം വിശാഖ് ആര്‍. വാര്യര്‍, സഹസംവിധാനം അനൂപ് സത്യന്‍, ജിതിന്‍ നസീര്‍, സംവിധാന സഹായികള്‍ കിരണ്‍ എസ്., സഞ്ജു, വിഷ്ണുമോഹന്‍, അനില്‍ ഫിലിപ്പ്, ആയിഷാ സുല്‍ത്താന, റെജ്ന.
അനില്‍ അങ്കമാലിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്സ് റിനിദിവാകര്‍, പ്രസാദ് നമ്പ്യാങ്കാവ്. മാക്സ് ലാബ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ: വാഴൂര്‍ ജോസ്