'കുസൃതിക്കുപ്പായക്കാരാ... കുട്ടിപ്പട്ടാളക്കാരാ....' കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റെടുത്ത 'മൈഗോഡ്' എന്ന ചിത്രത്തിലെ വാത്സല്യവും കുസൃതിയും തുളുമ്പുന്ന ഗാനം... രമേശ് കാവില്‍ എഴുതി ബിജിബാല്‍ സംഗീതം നല്‍കി ഉദയ് രാമചന്ദ്രന്‍ ആലപിച്ച ഈ ഗാനം അതിവേഗമാണ് പ്രേക്ഷകഹൃദയം കീഴടക്കിയത്. മലയാള പിന്നണിഗാന രംഗത്ത് മെലഡിയുടെ ചാരുതയുമായി അരങ്ങേറിയ ഉദയ് രാമചന്ദ്രന്റെ ശബ്ദത്തിലെ കുസൃതിയും വാത്സല്യവും കുസൃതിക്കുപ്പായക്കാരനിലൂടെ പ്രേക്ഷകരും തിരിച്ചറിഞ്ഞു.
ഗൃഹാതുര നൊമ്പരത്തിന്റെ ഇമ്പത്തില്‍ ആലപിച്ച 'ഓര്‍മകള്‍ക്കൊപ്പം ഇളവേല്‍ക്കുവാനായി..'(നമ്പൂതിരി യുവാവ്ഋ43) എന്ന ഗാനത്തിലൂടെ യാണ് ഉദയ് രാമചന്ദ്രന്‍ സിനിമാ പിന്നണി ഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായത്. ഏത് തരത്തിലുള്ള ഗാനങ്ങളും വഴങ്ങുന്ന വേറിട്ട ശബ്ദമാണ് ഈ ഗായകനെ വ്യത്യസ്തനാക്കുന്നത്. ആരുടേയും പിന്‍തുടര്‍ച്ചക്കാരനാവാതെ സ്വതന്ത്രമായി നില്‍ക്കുന്ന ഗാനാലാപനശൈലിയും ഈ ഗായകന്റെ പ്രത്യേകതയാണ്. കുസൃതിക്കുപ്പായക്കാരാ എന്ന ഗാനത്തിന് കുരുന്നുകളുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ അഭിനന്ദന പ്രവാഹമാണ്. 
'ഡോക്ടര്‍ ഇന്നസെന്റാണ് ' എന്ന ചിത്രത്തിലെ സ്‌നേഹം പൂക്കും... എന്ന ഗാനമാണ് ഉദയ് രാമചന്ദ്രന്റെ ആദ്യ ചലച്ചിത്ര ഗാനം. ആലാപന ശൈലിയിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു ഇത്. നമ്പൂതിരി യുവാവ് ഋ43യുടെ സംവിധായകന്‍ നീരജ് ഗോപാല്‍ ഈ ഗാനം കേട്ടാണ് തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.
അഞ്ഞൂറിലധികം ഓഡിയോവീഡിയോ ആല്‍ബങ്ങളിലും നിരവധി ചിത്രങ്ങള്‍ക്കുമായി ഉദയ്  പാടിയിട്ടുണ്ട്. പ്രഗത്ഭ സംഗീത സംവിധായകരായ ദേവരാജന്‍, രവീന്ദ്രന്‍, ജയ-വിജയ, ടി.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിയില്‍ ഉസ്താദ് ഫയാസ് ഖാന്‍, പണ്ഡിറ്റ് മോഹന്‍ കുമാര്‍ എന്നിവരും കര്‍ണാടക സംഗീതത്തില്‍ അച്ഛന്റെ ജ്യേഷ്ഠനും പ്രശസ്ത വായ്പാട്ടുകാരനുമായ വൈക്കം വി.എന്‍. രാജനുമാണ്  ഗുരുനാഥന്മാര്‍. 'ആവണി പൗര്‍ണമി മുഖം നോക്കുവാനെത്തും നിളയുടെ നിര്‍മ്മല നിര്‍ത്തടം...' എന്ന് തുടങ്ങുന്ന മലയാള ലളിതഗാന ശാഖയിലെ നിത്യഹരിത ഗാനമാണ് എം. ജി. യൂണിവേഴ്സിറ്റി കലോത്സവം മുതല്‍ ദേശീയ യുവജനോത്സവം വരെ ഉദയ് രാമചന്ദ്രന് നേട്ടങ്ങള്‍ സമ്മാനിച്ചത്. കുവൈത്തിലെ യു.എഫ്.എം. റേഡിയോയില്‍ മോണിങ് ഡ്യൂ, യു ക്ലാസിക് തുടങ്ങിയ ജനപ്രിയ സംഗീത പരിപാടികളുടെ അവതാരകനായ ഉദയ് പ്രവാസികള്‍ക്കും സുപരിചിതനാണ്.