മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്ക് ചിത്രമാണ് ന്യൂസ് പേപ്പര്‍ ബോയ്. ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക്ക് രീതി മലയാളത്തില്‍ പരീക്ഷിച്ച ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നെങ്കിലും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളില്‍നിന്ന് മായാതെ നില്‍ക്കുന്നു. വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ആദ്യചിത്രമെന്ന ലോക റെക്കോര്‍ഡ് ഏറെ ചര്‍ച്ചകള്‍ക്കുപിന്നാലെ ന്യൂസ് പേപ്പര്‍ ബോയിക്ക് നഷ്ടപ്പെട്ടെങ്കിലും ഈ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എ. രാമചന്ദ്രന് ഇപ്പോഴും അവകാശപ്പെടാം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഴുനീള സംഗീത സംവിധായകന്‍ എന്ന്.

എ. രാമചന്ദ്രനും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വിജയും ചേര്‍ന്നാണ് ന്യൂസ്പേപ്പര്‍ ബോയിക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തലസംഗീതം ഒരുക്കിയതും. ഈ ചിത്രത്തില്‍ ജോലിചെയ്യുന്ന സമയത്ത് എ. രാമചന്ദ്രന് 17 വയസ്സാണ് പ്രായം. ഇതിലും ചെറിയൊരു പ്രായത്തില്‍ ലോകത്തെവിടെയും ഒരാളും ഒരു സിനിമയ്ക്കായി മുഴുനീള സംഗീതസംവിധാനം നിര്‍വഹിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഗിന്നസ് ബുക്കിലും തന്റെ പേര് വന്നുകാണണമെന്ന് ആഗ്രഹിക്കുന്ന രാമചന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്നത് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ പുറകുവശത്തുള്ള എസ്.ആര്‍.എം. റോഡിലാണ്. ചിത്രമിറങ്ങി 62 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിനുപോലും അഭിമാനിക്കത്തക്കതായ നേട്ടം കൈവരിച്ച അന്നത്തെ ആ ചെറുപ്പക്കാരന്‍ ഇന്ന് വയോധികനാണ്. എന്തുകൊണ്ട് ലോകത്തിനുമുന്നിലേക്ക് അദ്ദേഹം എത്തിയില്ല, ഈ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയുണ്ട്.

''1955-ല്‍ ന്യൂസ് പേപ്പര്‍ ബോയി പുറത്തിറങ്ങിയതിനുശേഷം അധികകാലം ഞാന്‍ കേരളത്തിലുണ്ടായിരുന്നില്ല. സിനിമാസംഗീതത്തെ പ്രൊഫഷനായി കാണാതിരുന്നതുകൊണ്ട് ജോലി കണ്ടെത്താനായി മുംബൈയ്ക്ക് വണ്ടികയറി.  മുംബൈ ജീവിതത്തിനിടയില്‍ ഞാനും സംഗീതത്തെ ഉപേക്ഷിച്ചില്ല, കൂടെ കൊണ്ടുനടന്നു. മുംബൈയിലെത്തിയ കാലത്ത് സലില്‍ ചൗധരി, അനില്‍ ബിശ്വാസ്, ഹേമന്ദ് കുമാര്‍പോലുള്ള ആളുകളുമായി അടുത്തിടപഴകാനും ഗുരുസ്ഥാനത്ത് കണ്ട് സംഗീതത്തെക്കുറിച്ച് പഠിക്കാനും സാധിച്ചു.

അന്നൊന്നും തന്നെ സിനിമയ്ക്കായോ സിനിമാസംഗീതത്തിനായോ ശ്രമിച്ചില്ല. അന്ന് ഒരുപക്ഷേ, ഞാന്‍ സംഗീതത്തിലൊരു കരിയറിനായി ശ്രമിച്ചിരുന്നെങ്കില്‍ കുടുംബത്തെ നോക്കാനോ മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാനോ സാധിക്കുമായിരുന്നില്ല എന്ന്   കരുതുന്നു.  മുംബൈയിലെ മലയാളി സമാജത്തിനായും മറ്റും ബാലെകള്‍ക്കും നാടകങ്ങള്‍ക്കും സംഗീതം നല്‍കുന്നത്  തുടര്‍ന്നു. പിന്നീട് ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്കുശേഷം വിശ്രമജീവിതത്തിനായിട്ടാണ് കേരളത്തിലേക്ക് മടങ്ങുന്നത്. ഇതിനിടയില്‍ ഒരിടത്തും റെക്കോര്‍ഡുകള്‍ പേരിനൊപ്പം ചാര്‍ത്തിക്കിട്ടാനായുള്ള ശ്രമങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.

ന്യൂസ് പേപ്പര്‍ ബോയിയുടെ 50 വര്‍ഷങ്ങള്‍ ആഘോഷിച്ച സമയത്ത് സാംസ്‌കാരിക മന്ത്രി, സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഈ ചിത്രത്തിന് അര്‍ഹമായ അംഗീകാരങ്ങള്‍ നേടിയെടുക്കണമെന്ന് അപേക്ഷകള്‍ നല്‍കിയിരുന്നു. പക്ഷേ, പ്രയോജനമൊന്നുമുണ്ടായില്ല. എന്റെ പതിനേഴാം വയസ്സില്‍ ഞാന്‍ സംഗീതസംവിധായകനായി എന്നത് തെളിയിക്കാന്‍ പ്രയാസമില്ല, അതിനുള്ള രേഖകളൊക്കെ ലഭ്യമാണ്.' -രാമചന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒത്തുചേര്‍ന്നിരുന്ന സൗഹൃദക്കൂട്ടായ്മയില്‍നിന്ന് പിറവിയെടുത്ത പി. രാംദാസിന്റെ നേതൃത്വത്തിലുള്ള മഹാത്മജി മെമ്മോറിയല്‍ അസോസിയേഷനും അതിനുകീഴില്‍ രൂപംകൊണ്ട ആദര്‍ശ് കലാമന്ദിറുമാണ് ന്യൂസ് പേപ്പര്‍ ബോയി എന്ന സിനിമയുടെ പിറവിക്കുപിന്നില്‍.

പി. രാംദാസ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും. ഈ സൗഹൃദക്കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു രാമചന്ദ്രനും വിജയനും. മഹാത്മാ അസോസിയേഷനുമായി ബന്ധപ്പെട്ട് നിന്നിരുന്ന ആളുകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈ എടുത്തത് പി. രാംദാസായിരുന്നു. മലയാളസിനിമയില്‍ നിയോ റിയലിസ്റ്റിക്ക് ധാരയ്ക്ക് തുടക്കമിട്ട അദ്ദേഹം വീണ്ടും സിനിമ ചെയ്‌തെങ്കിലും ഒന്നുംതന്നെ സാമ്പത്തികവിജയം നേടിയില്ല.

50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍തന്നെ സിനിമയുടെ പേരുപോലും മറന്നുപോകുന്നതാണ് ഇപ്പോള്‍ ഇറങ്ങുന്നവയില്‍ ഏറെയും. അങ്ങനെയൊരു സ്ഥലത്ത് 50 വര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമയിലെ ജീവിച്ചിരിക്കുന്നവരെ എല്ലാം വിളിച്ചുവരുത്തി ആദരിച്ചു എന്നിടത്താണ് ചരിത്രത്തിലുള്ള ന്യൂസ് പേപ്പര്‍ ബോയിയുടെ പ്രാധാന്യമെന്ന് രാമചന്ദ്രന്‍ വിശ്വസിക്കുന്നു. ഈ സിനിമ ചരിത്രത്തിന്റെ ഭാഗമാണെന്നും തനിക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചു എന്നുള്ളത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കരുതുന്നു.

ന്യൂസ് പേപ്പര്‍ ബോയിക്കായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന സമയത്ത് മുന്‍പരിചയം ഒന്നുംതന്നെ ഇല്ലായിരുന്നു. സംഗീതാധ്യാപികയായിരുന്ന അമ്മയില്‍നിന്ന് കിട്ടിയ അറിവുകളും മാരാര്‍ കുടുംബത്തിലെ മരുമകന് അമ്മാവന്‍ പകര്‍ന്നുനല്‍കിയ ചെണ്ട കൊട്ടലും മാത്രമായിരുന്നു കൈമുതലായി ഉണ്ടായിരുന്നത്. താളവും ശ്രുതിയും തെറ്റാതെ രാഗങ്ങളെ അന്ന് കോര്‍ത്തിണക്കിയതിനെക്കുറിച്ച് ഇന്ന് സംസാരിക്കുമ്പോള്‍ സാഹസികമായിരുന്നുവെന്ന് രാമചന്ദ്രന്‍ ഓര്‍ത്തെടുക്കുന്നു. സിനിമയ്ക്കായി ജോലിചെയ്യുമ്പോള്‍ ജ്യേഷ്ഠന് രോഗം പിടിപെടുകയും പശ്ചാത്തലസംഗീതം ഏതാണ്ട് പൂര്‍ണമായിത്തന്നെ ഒറ്റയ്ക്ക് ചെയ്യേണ്ടിയും വന്നു. അന്നത്തെ സിനിമകളില്‍ ഹിന്ദി ഗാനങ്ങള്‍ അതേപടി പകര്‍ത്തിവെക്കുന്ന രീതിയായിരുന്നെങ്കിലും സംവിധായകനായ രാംദാസിന് എല്ലാ ഗാനങ്ങളും ഒറിജിനലായിരിക്കണമെന്നും വ്യത്യസ്തമായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. 11 ഗാനങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. പരാജയമായിരുന്നെങ്കിലും ന്യൂസ്പേപ്പര്‍ ബോയിക്ക് നിരൂപകപ്രശംസ ലഭിക്കുകയും പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

കേരളത്തിലേക്ക് തിരികെ എത്തിയ രാമചന്ദ്രനെ വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തിച്ചത് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തെ തേടി സിനിമയ്ക്കുപുറത്തുനിന്ന് ചില ഓഫറുകളെത്തിയത്. അവയിലൊന്നായിരുന്നു ഹൃദയപൂര്‍വം എന്ന പേരില്‍ പുറത്തിറങ്ങിയ ഗസല്‍ സംഗീത ആല്‍ബം. ഇതിലെ സംഗീത സംവിധാനത്തിന് നോണ്‍ ഫിലിം കാറ്റഗറിയിലുള്ള മികച്ച സംഗീതസംവിധാനത്തിനുള്ള പുരസ്‌കാരം രാമചന്ദ്രനെ തേടിയെത്തി. എന്റെ കേരളം പോലുള്ള ഏതാനും ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കി. ഇപ്പോള്‍ എസ്.ആര്‍.എം. റെസിഡന്റ്സ് അസോസിയേഷനും എറണാകുളം പൗരാവലിയും ചേര്‍ന്ന് എ. രാമചന്ദ്രന്‍ എന്ന സംഗീതസംവിധായകനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം 23ന് വൈകിട്ട് 5.30ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കിലാണ്  രാമചന്ദ്രന് ഹൃദയപൂര്‍വം എന്ന പരിപാടി.