'ആന്‍മരിയ കലിപ്പിലാണ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമാണ് 'അലമാര'. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു 'അലമാര' ഒരു കുടുംബത്തില്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളാണ് നര്‍മത്തിലൂടെ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, പുതുമുഖം അദിതി രവി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ്, സുധി കോപ്പ, മണികണ്ഠന്‍, ബിജു കുട്ടന്‍, കുഞ്ചന്‍, സാദിഖ്, ഇന്ദ്രന്‍സ്, വിജിലേഷ്, നവീന്‍രാജ്, സോനു ജേക്കബ്, പ്രീത, സീമ നായര്‍, മഞ്ജു സതീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍
കല്യാണം കഴിഞ്ഞ് അടുക്കള കാണാന്‍ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടിലേക്ക് വരുമ്പോള്‍ ആചാരപ്രകാരം കൊണ്ടുവരുന്ന അലമാര ഭാര്യ-ഭര്‍തൃ ജീവിതത്തില്‍ മാത്രമല്ല, ഇരുകുടുംബത്തിലും ഉണ്ടാക്കുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
അരുണ്‍ ബെംഗളൂരുവിലാണ് താമസം. സുഹൃത്തുക്കളുമായി സന്തോഷപൂര്‍വം ജീവിക്കുന്നതിനിടയിലാണ് സ്വാതി എന്ന പെണ്‍കുട്ടിയെ കാണുന്നത്. പുതിയതായി ജോലി കിട്ടിയെത്തിയ സ്വാതിയുമായി അരുണ്‍ പ്രണയത്തിലാവുന്നു. സുഹൃത്തുക്കളായ സുവിത്, പ്രശാന്ത്, ജെസ്റ്റിന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം വിഷയം വീട്ടുകാരെ അറിയിക്കുന്നു. വീട്ടുകാര്‍ ആലോചിച്ചപ്പോള്‍ പരസ്പരം ഇഷ്ടപ്പെട്ടില്ലെങ്കിലും രണ്ടുപേരും വിവാഹം കഴിക്കുമെന്നുറപ്പായപ്പോള്‍ രണ്ടു കുടുംബക്കാരും മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. വിവാഹം കഴിഞ്ഞ് മൂന്നാംനാള്‍ വധുവീട്ടുകാര്‍ അലമാരയുമായി അരുണിന്റെ വീട്ടിലെത്തുന്നു. കൊച്ചു കൊച്ചു പ്രശ്‌നങ്ങളിലൂടെ ഈ അലമാര ഇരുകുടുംബങ്ങളേയും എന്തിനധികം അരുണിനെയും സ്വാതിയെയും പ്രശ്‌നത്തില്‍ ചാടിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'അലമാര'യിലുള്ളത്.
അരുണായി സണ്ണി വെയ്നും സ്വാതിയായി അദിതി രവിയും അഭിനയിക്കുന്നു. സുഹൃത്തുക്കളായി അജു വര്‍ഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും പ്രത്യക്ഷപ്പെടുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. മഹേഷ് ഗോപാലന്റെ കഥയ്ക്ക്, 'ആന്‍മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോണ്‍ മന്ത്രിക്കല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. സൂരജ് എസ്. കുറുപ്പാണ് സംഗീത സംവിധായകന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, കല- അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്- റിച്ചാര്‍ഡ് ആന്റണി, എഡിറ്റര്‍- ലിജോപോള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാജന്‍ കല്ലായി, അസോസിയേറ്റ് ഡയറക്ടര്‍- എം.എസ്. നിഥിന്‍, സംവിധാന സഹായികള്‍- ദാന്‍ ഓസ്റ്റിന്‍, സുജിന്‍ സുജാതന്‍, പ്രിന്‍സ് ജോയി, സഞ്ജു ടോം, അസോസിയേറ്റ് ക്യാമറാമാന്‍- നവീന്‍ ചെമ്പൊടി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- സജി പുതുപ്പള്ളി, സെബീര്‍ മലവെട്ടത്ത്, പ്രോജക്ട് ഡിസൈനര്‍- സുനില്‍ ബി.എസ്. വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.