മലയാളത്തിലെ സമീപകാലത്തെ ഏറ്റവും ചെലവേറിയ ചിത്രം 'പുലിമുരുകന്‍' ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. 25 കോടിരൂപയോളം ചെലവിട്ട് നിര്‍മിക്കുന്നതാണ് ഈ ചിത്രം. ഉദയ്കൃഷ്ണന്റേതാണ് തിരക്കഥ. ഉദയ്കൃഷ്ണന്‍ സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.നൂറ്റിയമ്പതിലേറെ ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്. ഇരുനൂറ് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പോസ്റ്റ് പ്രൊഡക്ഷനും വേണ്ടിവന്നുവെന്ന് സംവിധായകനായ വൈശാഖ് പറഞ്ഞു. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനാണ് ഏറെയും സമയമെടുക്കുന്നത്. മോഹന്‍ലാലും പുലിയുമായുള്ള രംഗങ്ങളാണ് പ്രധാനമായും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് വിധേയമാകുന്നത്. 'ബാഹുബലി' പോലുള്ള ചിത്രങ്ങളുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍വഹിച്ച ഹൈദരാബാദിലെ ഫയര്‍ഫ്‌ലൈ എന്ന കമ്പനിയാണ് ഈ ചിത്രത്തിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍വഹിക്കുന്നത്.

മോഹന്‍ലാലും പുലിയും തമ്മില്‍ ഏറ്റുമുട്ടുന്ന പതിനഞ്ച് മിനുട്ടോളം നീണ്ടുനില്‍ക്കുന്ന രംഗങ്ങള്‍, അതിസാഹസികതയോടെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും ശ്രദ്ധേയനായ സംഘട്ടന സംവിധായകന്‍, പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സഹായിച്ചത്.പുലിയിറങ്ങുന്ന നാട്ടില്‍ നാടിന്റെ രക്ഷകനായി മാറുന്ന മുരുകന്റെ ജീവിതപോരാട്ടമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.പൂയംകുട്ടി, കുട്ടമ്പുഴ, മലയാറ്റൂര്‍, കൊച്ചി, വിയറ്റ്നാം, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. കമാലിനി മുഖര്‍ജിയാണ് നായിക. പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവാണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നടന്‍ കിഷോര്‍, ലാല്‍, സിദ്ദിഖ്, വിനുമോഹന്‍, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ബോളിവുഡ് താരം മകരന്ത്, ദേശ്പാണ്ഡെ, നോബി, സുധീര്‍ കരമന, നന്ദു, എം.ആര്‍. ഗോപകുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ഹരിഷ് പെരടിയില്‍ വി.കെ. ബൈജു, കലിംഗ ശശി, ചാലിപാലാ, ജയകൃഷ്ണന്‍, സേതുലക്ഷ്മി, കണ്ണന്‍ പട്ടാമ്പി തുടങ്ങിയ വന്‍ താരനിര ഈ ചിത്രത്തിലണിനിരക്കുന്നു. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ഷാജിയാണ് ഛായാഗ്രഹണം. എഡിറ്റിങ്- ജോണ്‍ കുട്ടി.കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്- സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാജി പാടൂര്‍ നോബിള്‍ ജേക്കബ്ബാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്- സതീഷ് കാവില്‍ക്കോട്ട, ഷിഹാബ് വെണ്ണല. പ്രൊഡക്ഷന്‍ മാനേജേഴ്സ്- ബിനു മണമ്പൂര്‍, നദീം ഇറാനി, പി.ആര്‍.ഒ വാഴൂര്‍ ജോസ്.