എം.ടി.-ഹരിഹരന്‍. മലയാളസിനിമിയിലെ ഏറ്റവും പ്രസിദ്ധമായ കൂട്ടുകെട്ടുകളില്‍ ഒന്ന്. ഒട്ടേറെ മികച്ച സിനിമകള്‍ ഇരുവരുംചേര്‍ന്ന് ഒരുക്കി. വളര്‍ത്തുമൃഗങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, നഖക്ഷതങ്ങള്‍, പഞ്ചാഗ്‌നി, അമൃതംഗമയ, ഒരു വടക്കന്‍വീരഗാഥ തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ്.
എന്നാല്‍ 1990-ല്‍ എം.ടി. ഇല്ലാതെ ഒരു ഹരിഹരന്‍ ചിത്രമിറങ്ങി- 'ഒളിയമ്പുകള്‍'. 1991-ല്‍ പുറത്തിറങ്ങിയ 'സര്‍ഗം' ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രമായിരുന്നു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ് സംഭാഷണം രചിച്ചത്. യൂസഫലി കേച്ചേരിയും ബോംബെ രവിയും ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കി.
വിനീത് നായകവേഷം അവതരിപ്പിച്ച 'സര്‍ഗ'ത്തിലൂടെയാണ് മനോജ് കെ.ജയന്‍ ശ്രദ്ധ നേടിയത്. മനോജ് അവതരിപ്പിച്ച കുട്ടന്‍ തമ്പുരാനും ചിത്രത്തോടൊപ്പം ചര്‍ച്ചചെയ്യപ്പെട്ടു. 'സര്‍ഗ'ത്തില്‍ നായികയായത് ആന്ധ്രയില്‍നിന്നുള്ള പുതുമുഖനടി അമൃതയായിരുന്നു. 'തച്ചിലേടത്ത് ചുണ്ടന്‍' എന്ന സിനിമയിലും അമൃതയായി അഭിനയിച്ചശേഷം ഈ നടി തമിഴിലെത്തി. ഈ അമൃതയാണ് പിന്നീട് പ്രശസ്ത തെന്നിന്ത്യന്‍ നടിയായ രംഭയായി മാറിയത്. ഊര്‍മ്മിളാ ഉണ്ണിയുടെ ആദ്യചിത്രംകൂടിയായിരുന്നു സര്‍ഗം. നെടുമുടിവേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, ജഗന്നാഥവര്‍മ്മ, സൗമിനി, ശ്രീരാമന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് സര്‍ഗം. കുടുംബബന്ധങ്ങള്‍ക്കും സുഹൃദ്ബന്ധത്തിനും പ്രാധാന്യം നല്‍കിയ ഒരു ഇതിവൃത്തമായിരുന്നു അത്. യൂസഫലി രചിച്ച കൃഷ്ണസ്തുതികള്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്.