നഗര സംസ്‌കാരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമയാണ് ദം.അനുറാം തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
കല്യാണിസം എന്ന ചിത്രം സംവിധാനംചെയ്ത് ശ്രദ്ധേയനാണ് അനുറാം.സ്പിരിറ്റ് കച്ചവടം നടത്തിപ്പോന്നിരുന്ന സേവ്യറിനെ, ശിക്ഷിച്ചുകഴിഞ്ഞതോടെ ഏറെനാള്‍ ജയില്‍വാസത്തിലേര്‍പ്പെട്ടു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സേവ്യര്‍ പുതിയ തൊഴിലുകള്‍ കണ്ടെത്തി. പാളയം മാര്‍ക്കറ്റ് പോലെ പല മാര്‍ക്കറ്റുകളും ലേലത്തില്‍ പിടിക്കുകയും ഒപ്പം അല്പം ഗുണ്ടായിസവുമൊക്കെയായി കഴിയുന്നു.
നഗരത്തിലെ ചെങ്കല്‍ത്തോപ്പ് കോളനിയിലെ അഞ്ചു യുവാക്കള്‍ സേവ്യറിന് സഹായമായി എത്തി. ചങ്കൂറ്റമുള്ള അഞ്ചു പേര്‍. ആന്റണി, ഫ്രീക്ക് രവി, ഞണ്ട്, മുസ്തഫ, കാപ്പിരി എന്നിവരാണിവര്‍.
മുന്‍പ്, സേവ്യറിന്റെ വലംകൈ ആയിരുന്ന ദത്തനാണ് ഇന്ന് നഗരത്തിലെ നിയമാനുസൃതമല്ലാത്ത എല്ലാ ബിസിനസ്സുകളും നടത്തുന്നത്. ഇതിനെല്ലാം പോലീസ് ഫോഴ്സിന്റെ സഹായവും ലഭിച്ചിരുന്നു. എസ്.ഐ. കിഷോര്‍ പ്രകടമായിത്തന്നെ ദത്തന്റെ സഹായിയായി മാറിയിരുന്നു.

എസ്.ഐ. കിഷോറും ആന്റണിയും തമ്മില്‍ കടുത്ത ശത്രുത നിലനിന്നിരുന്നു. മനോജ് നമ്പൂതിരി എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ നഗരത്തിലെത്തുന്നതോടെ പുതിയ സംഭവവികാസങ്ങളും ആരംഭിക്കുകയായിരുന്നു. ആന്റണിയും സേവ്യറിന്റെ മകള്‍ ഷെറിനും തമ്മിലുണ്ടാകുന്ന പ്രണയം ചിത്രത്തിനു പുതിയ കഥാഗതിയും നല്കുന്നു.ലാല്‍ സേവ്യറെയും ഷൈന്‍ ടോം ചാക്കോ ആന്റണിയെയും അവതരിപ്പിക്കുന്നു. ഓര്‍ഡിനറിയിലൂടെ ശ്രദ്ധേയയായ ശ്രിത ശിവദാസാണ് നായികയായ ഷെറിനെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, മനോജ് നമ്പൂതിരി ഐ.പി.എസിനെ അവതരിപ്പിക്കുന്നു.
പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, നോബി, കൊച്ചു പ്രേമന്‍, നെല്‍സണ്‍, ബിനീഷ് ബാസ്റ്റിന്‍ (തെരി ഫെയിം), ശാലു, ജുബി നൈനാന്‍, പാര്‍വതി നായര്‍ കുളപ്പുള്ളി ലീല എന്നിവരും ഈ ചിത്രത്തിലെ  താരങ്ങളാണ്.

വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം പകര്‍ന്നിരിക്കുന്നു. സുനില്‍ പ്രേം ഛായാഗ്രഹണവും വിജയ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം- ഷിബു പഴഞ്ചിറ, മേക്കപ്പ്- ലാല്‍ കരമന, കോസ്റ്റ്യും ഡിസൈന്‍- രാധാകൃഷ്ണന്‍ മങ്ങാട്, അസോസിയേറ്റ് ഡയറക്ടേഴ്സ്- ശ്രിഭാരതി, ജയേഷ് മൈനാഗപ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് പൈങ്ങോട്.ജെ.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്‌നേല്‍ സുധീര്‍ നിര്‍മിക്കുന്നു.