കേരളത്തിൽ വേരുകളുള്ള, ശുദ്ധമായി മലയാളം പറയാനറിയുന്ന  തമിഴ്‌നാട്ടുകാരൻ വിനോദ് സാഗറാണ് രാക്ഷസനിലെ നെഗറ്റീവ് കഥാപാത്രമായ ഇമ്പരാജ് എന്ന അധ്യാപകനെ അവതരിപ്പിച്ചത്.
‘‘കേരളം അത്ര പരിചയമുള്ള സ്ഥലമൊന്നുമല്ല, അമ്മ ഒറ്റപ്പാലത്തും അച്ഛൻ കൊല്ലത്തുമാണ്. മൂന്നുതലമുറകളായി ഞങ്ങൾ ചെന്നൈയിൽ കഴിഞ്ഞുവരുന്നു.’’-വെള്ളിത്തിരയിൽ കാഴ്ചക്കാരുടെ വെറുപ്പ് സമ്പാദിച്ച അധ്യാപകൻ മലയാളക്കരയുമായുള്ള അടുപ്പം ചെറുവാക്കുകളിൽ വിവരിച്ചു.
രാക്ഷസന്റെ അണിയറപ്രവർത്തനങ്ങൾ തുടങ്ങിയ സമയത്ത് ഇമ്പരാജിന്റെ വേഷമായിരുന്നില്ല സംവിധായകൻ വിനോദിന് നൽകിയിരുന്നത്. എന്നാൽ തനിക്ക് ആ വേഷംതന്നെവേണമെന്ന് പറഞ്ഞു വാശിപിടിക്കുകയും കിട്ടില്ലെന്നുറപ്പായപ്പോൾ പിണങ്ങിയിറങ്ങുകയും ചെയ്തു. 
പ്രേക്ഷകരിൽ ഭീതിയുടെ നടുക്കം തീർക്കുന്ന അധ്യാപകവേഷത്തിലേക്ക് സംവിധായകനുൾപ്പെടെയുള്ളവർ ആദ്യം കണ്ടെത്തിയത് തമിഴിലെ തന്നെ മറ്റൊരു പ്രധാന നടനെയായിരുന്നു. ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
വിനോദിന് ഇമ്പരാജിന്റെ വേഷം നൽകുന്നതിൽ സഹസംവിധായകർക്ക് തുടക്കത്തിൽ അതൃപ്തി ഉണ്ടായിരുന്നു. വലിയ കൊമ്പൻ മീശവെച്ച്  റൗഡിലുക്കിൽ നടക്കുന്ന വിനോദിന് വേഷം ചേരില്ലെന്നായിരുന്നു അവരുടെയെല്ലാം വാദം. രൂപത്തിൽ കാര്യമായ മാറ്റം വരുത്തിവരാൻ ആവശ്യപ്പെട്ടത് സംവിധായകനാണ്. മീശ വടിച്ച്  വളരെ ലൂസായുള്ള ഷർട്ടും പാന്റുംധരിച്ച്  മുഖത്തൊരു കണ്ണടയും വെച്ചുവരാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. കഥാപാത്രത്തിനായി നൽകിയ വസ്ത്രങ്ങൾ ധരിച്ച് പുതിയ ലുക്കിൽ എത്തിയ വിനോദിനെതിരേ പിന്നീട് എതിരഭിപ്രായങ്ങൾ ഉണ്ടായില്ല. ചെന്നൈയിലെ സാന്തോം സ്‌കൂളിൽ വെച്ചാണ് രാക്ഷസനിലെ സ്കൂൾ രംഗങ്ങളെല്ലാം ചിത്രീകരിച്ചത്.
ഡിഗ്രിപഠനം പൂർത്തിയാക്കി ദുബായ് റേഡിയോയിലും സ്വകാര്യകമ്പനികളിലും ജോലിചെയ്ത വിനോദ് ഡബ്ബിങ് ആർട്ടിസ്റ്റായാണ് സിനിമയിലേക്ക് കയറുന്നത്. രാക്ഷസൻ സിനിമയുടെ ട്രൈലറിൽ കേൾക്കുന്ന ഭീതിനിറച്ചുള്ള വില്ലന്റെ ശബ്ദം വിനോദ് സാഗറിന്റേതാണ്. രാക്ഷസൻ സംവിധാനം ചെയ്ത രാംകുമാറിന്റെ മുൻചിത്രത്തിലും മറ്റു ചില തമിഴ്‌ ചിത്രങ്ങളിലും ചെറുവേഷങ്ങൾ അഭിനയിച്ച വിനോദിനെത്തേടി ഇന്ന്‌ വിളികൾ ഏറെയെത്തുന്നുണ്ട്. ‘‘സിനിമകഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങിയപ്പോൾ പ്രേക്ഷകരെല്ലാം എന്നെ ദേഷ്യത്തോടെയാണ് ആദ്യം നോക്കിയത്. എന്നെ അടിക്കാനും കൊല്ലാനുമുള്ള ദേഷ്യമാണ് പലരുടേയും മുഖത്ത് കണ്ടത്. അത് എന്റെ അഭിനയത്തിനുകിട്ടിയ വലിയ അംഗീകാരമായി ഞാൻ കാണുന്നു.’’ -ആൾക്കൂട്ടത്തിനൊപ്പം സിനിമകണ്ടതിന്റെ അനുഭവം വിനോദ് വിവരിച്ചു.
രാക്ഷസനിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ വിനോദിനെ തേടി പുതിയകഥാപാത്രങ്ങൾ എത്തിത്തുടങ്ങി. 'ചാമ്പ്യൻ' എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കേരളക്കരയിലും രാക്ഷസൻ തരംഗമായ സ്ഥിതിക്ക് ഏറെ വൈകാതെ ഒരു മലയാളചിത്രത്തിൽ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിനോദ് സാഗർ.