സമാനതകളില്ലാത്ത അഭിനയമികവിന്റെ ഉടമ. ബോളിവുഡ് സിനിമാവ്യവസായത്തിൽ ഒരു കാലത്ത് കിരീടംവെച്ച രാജ്ഞി തന്നെയായിരുന്നു അവർ. വെള്ളിത്തിരയിൽ അവർ പകർന്നാടിയ വേഷങ്ങൾ ഇന്ത്യൻ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുടെ തലവരമാറ്റി. അഭിനയത്തിലും പ്രശസ്തിയിലും വമ്പൻ നായകന്മാരെക്കാൾ എക്കാലത്തും മുൻപന്തിയിലായിരുന്നു അവർ. എൺപതുകളിലും തൊണ്ണൂറുകളിലും ശ്രീദേവി എന്ന ബ്രാൻഡ് മാത്രം മതിയായിരുന്നു സിനിമകൾക്ക് പണം വാരാൻ.  അവർക്കൊപ്പം അഭിനയിക്കാൻ സൂപ്പർ നായകന്മാർപോലും മത്സരിച്ചു.
നായകന്മാർക്ക്‌ ചുറ്റും ഭ്രമണം ചെയ്തിരുന്ന ബോളിവുഡിന്‌ ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റായിരുന്നു ശ്രീദേവി. പലപ്പോഴും മുൻനിര നായകന്മാരേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നു അവർ. ചുരുക്കത്തിൽ ബോളിവുഡിന്റെ  ഭ്രമമാവുകയായിരുന്നു ശ്രീദേവി. ഇന്ത്യയൊട്ടാകെയും ആ ഭ്രമത്തിൽ നിന്ന്‌ മുക്തമായില്ല, ഇന്നുവരെയും. അഭിനയമികവുതന്നെയായിരുന്നു അവരുടെ മാർക്കറ്റ് വാല്യു നിശ്ചയിച്ചിരുന്നത്. സൗന്ദര്യം അതിന് കൂടുതൽ മിഴിവേകി എന്നുമാത്രം.
സമകാലികരായ പദ്മിനി കോലാപ്പുരി, മീനാക്ഷി ശേഷാദ്രി, രവീണാ ടണ്ഡൻ, ജയപ്രദ തുടങ്ങിയവർക്കൊന്നും ശ്രീദേവിയുടെ താരപ്രഭയ്ക്ക് മങ്ങലേൽപ്പിക്കാൻ കഴിഞ്ഞില്ല. കോമഡിയും ആക്ഷനും തുടങ്ങി സിനിമയിൽ അവർ തൊട്ടതെല്ലാം പൊന്നായി.
 തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാസിനിമകളിൽ കൈയൊപ്പ് ചാർത്തിയാണ് ഹിന്ദിയിലേക്ക് ചുവടുമാറ്റുന്നത്. പക്ഷേ, ബോളിവുഡിൽ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും ശക്തമായ വേഷങ്ങൾ ലഭിച്ചത് ദക്ഷിണേന്ത്യൻ സിനിമയിൽ നിന്നാണ്. അത്‌ അവർതന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്. 
ശ്രീദേവി-കമൽഹാസൻ താരജോഡിക്ക്‌ ഇന്നും ഒരുപാട് ആരാധകരുണ്ട്. 1976-ൽ മൂൻട്ര്‌ മുടിച്ചു എന്ന സിനിമയിൽ തുടങ്ങിയ കൂട്ടുകെട്ടിൽ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകളുണ്ടായി. പതിവ് മസാല സിനിമകളിൽനിന്ന് മാറി  ഹൃദയത്തിൽ തൊടുന്ന സിനിമകൾ കാണാൻ തമിഴനെ പഠിപ്പിച്ചത് ഈ കൂട്ടുകെട്ടാണ്. മൂൻട്രാം പിറൈ, വാഴ്‌വേ മായം തുടങ്ങിയ സിനിമകൾ ഉദാഹരണം. മൂൻട്രാം പിറൈയിലെ ഓർമ നഷ്ടപ്പെട്ട്‌ കുട്ടികളെപ്പോലെ പെരുമാറുന്ന വിജിയെയും അവരെ പെൺവാണിഭ റാക്കറ്റിൽനിന്നും രക്ഷിച്ച് കൂടെക്കൂട്ടിയ ചീനുവിനെയും ആരും മറക്കാനിടയില്ല. ഒരപകടത്തിൽ നഷ്ടപ്പെട്ട ഓർമ വീണ്ടുകിട്ടിയപ്പോൾ ചീനുവിനോടൊപ്പമുള്ള കാലംമറന്ന് കുടുംബത്തോടൊപ്പം തീവണ്ടിയിൽ കയറിപ്പോകുന്ന വിജിക്കു പിന്നാലെ ഓടിയ ചീനുവിന്റെ വേദനയിൽ നമ്മളും പങ്കുചേർന്നു. ഇത് പിന്നീട് സദ്മ എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തു. ബോക്‌സോഫീസിൽ വൻഹിറ്റായില്ലെങ്കിലും ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഇതോടെ അവർക്കു കഴിഞ്ഞു. മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചു.
ശ്രീദേവി ആദ്യമായി നായികയായി അഭിനയിച്ചത് രജനികാന്തിനും കമൽഹാസനുമൊപ്പമാണ്. ഈ കൂട്ടുകെട്ടിൽ ഒരുപിടി നല്ല ചിത്രങ്ങളുമുണ്ടായി. കമൽഹാസനൊപ്പമുള്ള വാഴ്‌വേ മായം 200 ദിവസം തിയേറ്റർ നിറഞ്ഞോടി. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ അധികം ഗ്ലാമറസല്ലാത്ത സിനിമകളാണ് ചെയ്തത്. ശക്തമായ തിരക്കഥയും ഗാനങ്ങളും കോർത്ത ആ സിനിമകൾ ശ്രീദേവിയിലെ അഭിനേത്രിയെ വളർത്തി.
സോലാ സാവനിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് നാലു വർഷത്തിനു ശേഷം ജിതേന്ദ്രയ്‌ക്കൊപ്പമഭിനയിച്ച ഹിമ്മത് വാലയിലൂടെ ബോളിവുഡിന്റെ താരറാണിയായി. രേഖയെയും ജയപ്രദയെയും സ്വീകരിച്ച ബോളിവുഡ് ശ്രീദേവിയെയും ഇരുകൈയും നീട്ടി സ്വീകരിച്ചു. കോമഡിയും ആക്ഷനും കുസൃതികളുംകൊണ്ട് ബോളിവുഡിന്റെ നായികാ സങ്കൽപ്പത്തെതന്നെ മാറ്റിമറിക്കാൻ അവർക്കു കഴിഞ്ഞു. തന്റെ പിന്മുറക്കാർക്കുവേണ്ടി ശക്തമായ പാതയൊരുക്കാനും അവർ മറന്നില്ല. 
തമിഴിൽ കമൽഹാസൻ-ശ്രീദേവി ജോടി പോലെയായിരുന്നു ​​ഹിന്ദിയിൽ ശ്രീദേവി-ജിതേന്ദ്ര ജോടിയും, ശ്രീദേവി-അനിൽ കപൂർ ജോടിയും. ജിതേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ച ഹിമ്മത് വാലയും അതിലെ നയനോം മെ സപ്നാ ഗാനവും ഏറെ പ്രശസ്തമാണ്. ഇവരുടെ കൂട്ടുകെട്ടിൽ 16 ചിത്രങ്ങൾ. എല്ലാം ഹിറ്റും. അമിതാഭ് ബച്ചൻ, ഋഷി കപൂർ, ജാക്കി ഷ്‌റോഫ്, മിഥുൻ ചക്രവർത്തി, സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, സഞ്ജയ് ദത്ത്... ശ്രീദേവി ഇവർക്കൊപ്പമെല്ലാം കസറി.
അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഖുദാ ഗവാഹ്  ബിബിസിയുടെ മസ്റ്റ്‌ വാച്ച് ലിസ്റ്റിൽ ഇടം നേടിയ സിനിമയാണ്. ഇരട്ട വേഷത്തിലാണ് ഇതിൽ ശ്രീദേവി പ്രത്യക്ഷപ്പെട്ടത്. 
അനിൽ കപുറിനൊപ്പമുളള മി.ഇന്ത്യ ബോളിവുഡിലെ ശ്രീദേവിയുടെ എക്കാലത്തെയും മികച്ച സിനിമയാണ്. അതിൽ ചാർളി ചാപ്ലിനായും മിസ് ഹവാ ആയും സെക്സിയായ കാമുകിയായും ശ്രീദേവി നിറഞ്ഞുനിന്നു. മി.ഇന്ത്യ എന്നല്ല, മിസ് ഇന്ത്യ എന്നായിരുന്നു സിനിമയ്ക്കു പേരിടേണ്ടിയിരുന്നതെന്നായിരുന്നു ആരാധകനിരൂപക പക്ഷം. നീലസാരിയുടുത്ത് അദൃശ്യനായ നായകനൊപ്പം ചുവടുവയ്ക്കുന്ന കാട്ടെ നഹി കട്ടെ എന്ന പാട്ട് ശ്രീദേവിയുടെ ഏറ്റവും റൊമാന്റിക്കായ പ്രകടനമായാണ് വിലയിരുത്തുന്നത്. എല്ലാ സിനിമകളിലും എന്നപോലെ ഈ സിനിമയിലും ശ്രീദേവിയുടെ പ്രഭയിൽ നായകൻ മുങ്ങിപ്പോയി. ശ്രീദേവി ഇരട്ടവേഷത്തിലെത്തിയ ചാല്ബാസിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ശ്രീദേവി എന്ന ബ്രാൻഡിനെ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് യാഷ്‌ചോപ്രയാണ്. അദ്ദേഹത്തിന്റെ ചാന്ദ്‌നി, ലമ്‌ഹെ തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ തീവ്ര പ്രണയത്തിന്റെ മൂർത്തിയായി. ചെയ്ത വേഷങ്ങളിൽക്കൂടി നമ്മളിൽ ഒരാൾ എന്ന വികാരം സിനിമാപ്രേമികളിലുണ്ടാക്കാൻ ശ്രീദേവിക്കു കഴിഞ്ഞു. തനിക്കൊന്നും ചെയ്യാനില്ല എന്നു തോന്നിയ സിനിമകൾ അവർ നിഷ്‌കരുണം തള്ളി. സ്റ്റീവൻ സ്പിൽബർഗിന്റെ ക്ഷണം നിരസിച്ചതും അതുകൊണ്ടുതന്നെ. അവരുടെ ശാരീരിക സൗന്ദര്യം ഇതിൽ വലിയൊരു ഘടകം തന്നെയായിരുന്നു. ആ മുഖത്ത് ഏച്ചുകെട്ടലുകളില്ലാതെ ഭാവങ്ങൾ മിന്നി മറഞ്ഞു. നൃത്തച്ചുവടുകൾ ഹൃദയത്തിലാണ് പതിഞ്ഞത്.  തമാശരംഗങ്ങളിലെ അവരുടെ മുഖഭാവങ്ങൾക്ക് പ്രത്യേക ഭംഗിയായിരുന്നു. നാഗിനായി അഭിനയിച്ചപ്പോൾ ശാരീരിക ഘടകങ്ങൾ അവർക്ക് ഗുണം ചെയ്തു. മെ തേരി ദുഷ്മൻ എന്ന ഗാനവും ഇതിലെ നൃത്തവും ചരിത്രമാണ്. വിദേശ സിനിമാനിരൂപകരുടെവരെ പ്രശംസ ഇതിലെ പ്രകടനത്തിനു ലഭിച്ചു.
ബോണി കപുറുമായുള്ള വിവാഹത്തിനുശേഷം സിനിമയോടു വിടപറഞ്ഞ ശ്രീദേവിയുടെ മടങ്ങിവരവ് ഗംഭീരമായിരുന്നു. 2012-ൽ ഇംഗ്ലീഷ് അറിയാത്ത വീട്ടമ്മയായി ഇംഗ്ലീഷ് വിംഗ്ലീഷിലുടെ വീണ്ടും ബോക്‌സോഫീസ് ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2017-ൽ  മോമിലൂടെ വീണ്ടും ശ്രീദേവി ജനമനസ്സുകളിലേക്കെത്തി.
മുന്നൂറ് സിനിമകളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത താരമായ ശ്രീദേവി മരിച്ചപ്പോൾ അവരുടെ അഭിനയത്തേക്കാളും നേട്ടത്തേക്കാളും ചർച്ചയായതാവട്ടെ അവരുടെ വൈവാഹിക ജീവിതവും സൗന്ദര്യസങ്കല്പങ്ങളും ഗോസിപ്പുകളും. ശ്രീദേവി തിരശ്ശീലയ്ക്കു പിന്നിലേക്ക് മായുമ്പോൾ ആരാധകരുടെ മനസ്സിൽ ശേഷിക്കുന്നത് കഥപറയുന്ന കണ്ണുകളും ഒരിക്കലും ഉടയാതെ കാത്ത സൗന്ദര്യവും അഭിനയമുഹൂർത്തങ്ങളും മാത്രമാണ്.... അത് കാലങ്ങളോളം അങ്ങനെത്തന്നെ നിൽക്കും.. മായാതെ...