കുറഞ്ഞ സമയംകൊണ്ടൊരു സിനിമ ഇനി മലയാളത്തിനു സ്വന്തം. 'വിശ്വഗുരു' എന്ന് പേരിട്ട ചിത്രം ജാതിമതചിന്തകൾക്കതീതമായി ഏകലോകദർശനം ചമച്ച ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതാന്ത്യത്തിലെ പ്രധാന സംഭവങ്ങളെ കോർത്തിണക്കി ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന ചിത്രമാണിത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ആചാര്യ വിനോബ ഭാവെ, സി.എഫ്. ആൻഡ്രോസ്, ഡോ. പൽപ്പു, മഹാകവി കുമാരനാശാൻ, ബോധാനന്ദസ്വാമികൾ, വല്ലാശ്ശേരി ഗോവിന്ദനാശാൻ, ടി.കെ. ഹിൽട്ടൺ ടൈറ്റർ തുടങ്ങിയവരുടെ ജീവിതം ചിത്രത്തിൽ കാണാം.
ശ്രീനാരായണഗുരു എഴുതിയ 'ഹോമമന്ത്രം' ഉപയോഗിച്ചുകൊണ്ടുള്ള ഒരു ശാന്തിഹോമത്തിൽ, അമേരിക്കയിലെ ഫിലഡൽഫിയയിൽ നിന്നെത്തിയ ഒരു കുട്ടി തന്റെ മുത്തച്ഛനോടു ഗുരുദേവചരിതം ചോദിച്ചു മനസ്സിലാക്കുന്ന രൂപത്തിലാണ് കഥ തയ്യാറാക്കിയിട്ടുള്ളത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ.
'സ്‌ക്രിപ്റ്റ് ടു റിലീസ്' വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയംകൊണ്ട് ചെയ്തുതീർക്കുന്നുവെന്നതാണ് വിശ്വഗുരുവിന്റെ ഹൈലൈറ്റ്. ഡിസംബർ 27-ാം തീയതി രാത്രി തിരക്കഥ രചിച്ച് ഷൂട്ട് തുടങ്ങിയ ചിത്രം ഡിസംബർ 29-ാം തീയതി രാത്രി 11.30 മണിക്ക് തിരുവനന്തപുരം നിള തിയേറ്ററിൽ പ്രദർശിപ്പിച്ചു. ഷൂട്ടിങ്ങിനു പുറമേ ടൈറ്റിൽ രജിസ്‌ട്രേഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റർ ഡിസൈനിങ്‌, സെൻസറിങ്‌, പോസ്റ്റർ ഒട്ടിക്കൽ തുടങ്ങി പ്രദർശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളിൽ ചെയ്തുതീർത്തു.
ചിത്രത്തിന് ഗിന്നസ് ബുക്കിൽ ഇടംനേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.