മണ്ണില്‍ ചോരവീഴ്ത്തി നാടിനായി ജീവത്യാഗം ചെയ്ത ചരിത്രപുരുഷന്മാരിലേക്ക് മലയാളസിനിമ ക്യാമറ തിരിക്കുന്നു. സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയും അണിനിരത്തി മികച്ച സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് ബിഗ്ബജറ്റില്‍ ബഹുഭാഷകളിലാണ് ഓരോ ചിത്രവും പ്രദര്‍ശനത്തിനെത്തുന്നത്. ഭീമനും കുഞ്ഞാലി മരയ്ക്കാരും വേലുത്തമ്പി ദളവയും കായംകുളം കൊച്ചുണ്ണിയുമെല്ലാം ഒരുങ്ങുകയാണ് അണിയറയില്‍.

രണ്ടാമൂഴം

ആയിരംകോടി ചെലവില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാല്‍ ഭീമനായി നായകവേഷത്തിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനാണ്. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഏറെ നാളുകള്‍ക്കുശേഷം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകതയും രണ്ടാമൂഴത്തിനുണ്ട്. വ്യവസായി ബി.ആര്‍. ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴമെന്ന പേരിലും മറ്റു ഭാഷകളില്‍ മഹാഭാരതം എന്ന പേരിലുമാണ് റിലീസ് ചെയ്യുക. മൂന്നുമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ടുഭാഗങ്ങളായി ഇറങ്ങുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങും.

കുഞ്ഞാലി മരയ്ക്കാര്‍

പിറന്ന നാടിനായി പടവെട്ടിമരിച്ച പോരാളികളുടെ കൂട്ടത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പേരാണ് കുഞ്ഞാലി മരയ്ക്കാര്‍. വിദേശികള്‍ കേരളത്തെ കീഴ്പ്പെടുത്താനെത്തിയപ്പോള്‍ അവര്‍ക്കെതിരേ കൊടുങ്കാറ്റായി വീശിയടിച്ച മരയ്ക്കാര്‍ നാലാമന്റെ കഥ സിനിമയാകുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാരായി എത്തുന്നത് മമ്മൂട്ടിയാണ്. ഓഗസ്റ്റ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനുമാണ്. പഴശ്ശിരാജയ്ക്കുശേഷം മമ്മൂട്ടി ചരിത്രപുരുഷനാകുന്ന ചിത്രമാണിത്.

കായംകുളം കൊച്ചുണ്ണി

കേരളത്തിലെ ചരിത്രപുരുഷന്മാരില്‍ മോഷണത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ച വീരനാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ ജീവിതം മുന്‍പ് സിനിമയാക്കിയിട്ടുണ്ടെങ്കിലും വ്യത്യസ്തമായ സമീപനത്തോടെയാണ് ഇത്തവണ കായംകുളം കൊച്ചുണ്ണി അണിയറയില്‍ ഒരുങ്ങുന്നത്. 1966-ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ സത്യന്‍ അനശ്വരമാക്കിയ കൊച്ചുണ്ണിയുടെ വേഷം ഇന്ന് കൈകാര്യം ചെയ്യുന്നത് നിവിന്‍ പോളിയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ആണ്. അമലാ പോളാണ് നിവിന്റെ നായികയായെത്തുന്നത്. സണ്ണി വെയ്ന്‍ ഉള്‍പ്പെടെ വലിയൊരുസംഘം യുവനിരതന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം കാസര്‍കോട് പുരോഗമിക്കുകയാണ്.

ചെങ്ങഴി നമ്പ്യാര്‍

101 ഉശിരന്‍ ചാവേര്‍ പോരാളികളുടെ കഥ പറയുന്ന ചിത്രമാണ് ചെങ്ങഴി നമ്പ്യാര്‍. സിധില്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ടൊവിനോ തോമസാണ്. സോജന്‍ എല്‍തുരുത്ത്, സിധില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ടീം മീഡിയയുടെ സഹായത്തോടെ ക്യാറ്റ് ആന്‍ഡ് മൗസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. 

വേലുത്തമ്പി ദളവ

ഉറുമിക്കുശേഷം പൃഥ്വിരാജ് ചരിത്രപുരുഷന്റെ വേഷമിടുന്ന ചിത്രമാണ് വേലുത്തമ്പി ദളവ. ഒരിടവേളയ്ക്കുശേഷം വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളടക്കം വലിയ താരനിരയുണ്ടാകും. രണ്‍ജി പണിക്കരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. തിരക്കഥയ്ക്കായി ഒരു വര്‍ഷത്തിലധികം കാലം അദ്ദേഹം വേലുത്തമ്പി ദളവയെക്കുറിച്ച് പഠനം നടത്തുകയുണ്ടായി. 1802 മുതല്‍ 1809 വരെ തിരുവിതാംകൂര്‍ രാജ്യത്തെ ദളവ ആയിരുന്നു വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി. തിരുവിതാംകൂറിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥപദവിയായ ദളവാസ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗത്തില്‍ എത്തിച്ചേരുകയും അതേ വേഗത്തില്‍ അത് നിരാകരിച്ച് ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിക്കുകയും ചെയ്തു. ഈ ജീവിതമാണ്  ചിത്രം ചര്‍ച്ചചെയ്യുന്നത്.

മാര്‍ത്താണ്ഡവര്‍മ

മാര്‍ത്താണ്ഡവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി കെ. മധു ഒരുക്കുന്ന ചിത്രമാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കിങ് ഓഫ് ട്രാവന്‍കൂര്‍. കുളച്ചല്‍ യുദ്ധം പശ്ചാത്തലമായുള്ള ചിത്രത്തിന് രണ്ടുഭാഗങ്ങളാണുള്ളത്. രണ്ടാംഭാഗത്തില്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ ജീവിതകഥയായിരിക്കും പ്രമേയം. കാര്‍ത്തിക തിരുനാളും ടിപ്പു സുല്‍ത്താനും തമ്മിലുള്ള യുദ്ധമെല്ലാം ചിത്രത്തിന്റെ ആകര്‍ഷണമാണ്. ചിത്രത്തില്‍ നായകനായി ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍ താരമായിരിക്കും എത്തുക എന്ന് മധു വ്യക്തമാക്കി. പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പീറ്റര്‍ ഹെയ്നാണ് രണ്ടുഭാഗങ്ങളുടെയും സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. 

മാമാങ്കം 

വള്ളുവനാടന്‍ സിനിമകളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് വള്ളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പരിചയപ്പെടുത്തുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഒരു ചാവേറിന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി മാമാങ്കം മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വലിയ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.