ഒരാളുടെ ജീവിതത്തില്‍ ക്രിക്കറ്റിനുള്ള സ്ഥാനവും സ്വാധീനവുമാണ് സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥന്‍ എന്ന ചിത്രം പറയുന്നത്. മണിരത്‌നം എന്ന ചിത്രത്തിനുശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുനലൂരിലും പരിസരങ്ങളിലുമായി നടന്നു വരുന്നു. ജെ.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വ. ജൂഡ് അഗ്‌നേല്‍ സുധീറും ജൂബി നൈനാനുമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് സച്ചിനെ അവതരിപ്പിക്കുന്നത്. 
ചെറിയ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പ്രേമികളായ ഏതാനും ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. 
ജെറി ഇലവന്‍ എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളാണ് സച്ചിന്‍, ജെറി, പൂച്ച ഷൈജു, കുടിയന്‍ ജോസ്, സാലി എന്നിവര്‍. ജെറിയാണ് ടീം ക്യാപ്റ്റന്‍. ഇതില്‍ സച്ചിന് അഞ്ജലി എന്ന പെണ്‍കുട്ടിയുമായി ഉണ്ടാകുന്ന പ്രണയമാണ് കഥാഗതിയില്‍ പുതിയ വഴിത്തിരിവുണ്ടാക്കുന്നത്. നാട്ടിലെതന്നെ മറ്റൊരു ക്രിക്കറ്റ് ടീം ആയ ബ്രദേഴ്സ് ടീമിന്റെ ക്യാപ്റ്റനായ ഷൈനിന്റെ സഹോദരികൂടിയാണ് അഞ്ജലി. നാട്ടിലെ ഏറ്റവും പ്രബലമായ ടീമും ബ്രദേഴ്സാണ്. 
ജെറിയെ അജു വര്‍ഗീസും പൂച്ച ഷൈജുവിനെ ഹരീഷ് കണാരനും കുടിയന്‍ ജോസ്, സാലി എന്നിവരെ യഥാക്രമം ശരത്ത് (അപ്പാനി രവി), ആബിദ് എന്നിവരും അവതരിപ്പിക്കുന്നു. അന്നാ രേഷ്മ രാജനാണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടി, ജൂബി നൈനാന്‍, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, രശ്മി ബോബന്‍, പാര്‍വതി, സേതുലക്ഷ്മി, കൊച്ചുപ്രേമന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 
സംവിധായകന്‍കൂടിയായ എസ്.എല്‍. പുരം ജയസൂര്യയുടെതാണ് തിരക്കഥ. മനുമഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.