ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം തിരിച്ചുപിടിച്ച് ‘മൈക്രോസോഫ്റ്റ്’ സ്ഥാപകൻ ബിൽഗേറ്റ്‌സ്. ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസിനെ പിന്തള്ളിയാണ് ബിൽഗേറ്റ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ടുവർഷവും ബെസോസ് ആയിരുന്നു ഒന്നാമൻ.

1,000 കോടി ഡോളറിന്റെ ക്ലൗഡ് കംപ്യൂട്ടിങ് കരാർ ആമസോണിന് പകരം മൈക്രോസോഫ്റ്റിന് നൽകാനുള്ള പെന്റഗണിന്റെ തീരുമാനത്തെ തുടർന്ന് മൈക്രോസോഫ്റ്റ് ഓഹരിവില ഉയർന്നതാണ് ബിൽ ഗേറ്റ്‌സിനെ തുണച്ചത്. ഒക്ടോബർ 25-നാണ് പെന്റഗൺ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനുശേഷം മൈക്രോസോഫ്റ്റിന്റെ ഓഹരിവിലയിൽ ഏകദേശം നാല് ശതമാനം വർധനയുണ്ടായി.

പെന്റഗൺ കരാർ നഷ്ടമായതോടെ ആമസോണിന്റെ ഓഹരി മൂല്യത്തിൽ രണ്ട് ശതമാനം ഇടിവുണ്ടായി. ഇതോടെ ബിൽ ഗേറ്റ്‌സിന്റെ സമ്പത്ത് 11,000 കോടി ഡോളറായി ഉയർന്നു. ജെഫ് ബെസോസിന്റെ സമ്പത്ത് 10,870 കോടി ഡോളറായി.