കൊച്ചി: ആഗോള വിപണിയിൽ ചിപ്പ്‌ ക്ഷാമം രൂക്ഷമായത് രാജ്യത്ത് വാഹനങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനും തിരിച്ചടിയാകുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വാഹനങ്ങളുടെ ഡിമാൻഡ് കൂടിയെങ്കിലും ഈ ആവശ്യം നിറവേറ്റാൻ കമ്പനികൾക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ മിക്ക കമ്പനികളുടെയും വാഹനങ്ങൾ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ടാറ്റാ മോട്ടോഴ്‌സ്, നിസ്സാൻ, ഫോർഡ്, മഹീന്ദ്ര, ഹ്യൂണ്ടായ്, അശോക് ലെയ്‌ലാൻഡ് തുടങ്ങി മിക്ക വാഹന നിർമാണ കമ്പനികളെയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോള തലത്തിൽ മൂന്നോ നാലോ കമ്പനികൾ മാത്രമാണ് ചിപ്പ് (സെമി കണ്ടക്ടർ) നിർമാണ രംഗത്ത് സജീവമായിട്ടുള്ളത്. ചൈനയും കൊറിയയുമാണ് ചിപ്പുകളുടെ പ്രധാന വിതരണക്കാർ. ഇതിനു പുറമെ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നും യു.എസിൽനിന്നും ചിപ്പുകളെത്തുന്നുണ്ട്. എന്നാൽ, അമേരിക്കൻ ചിപ്പുകൾക്ക് ചെലവ് കൂടുതലാണ്. ചിപ്പുകളുടെ ഉയർന്ന ആവശ്യകതയും കോവിഡ് പ്രതിസന്ധി കാരണം ഉത്പാദനം തടസ്സപ്പെട്ടതുമാണ് ചിപ്പ് ക്ഷാമത്തിന് ഇടയാക്കിയത്.

വാഹനങ്ങളിൽ മാത്രമല്ല, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഐപാഡ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവയിലും ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. കോവിഡിൽ ഇത്തരം ഉപകരണങ്ങളുടെ ആവശ്യകത കൂടിയതും ഉത്പാദനം വർധിച്ചതും ചിപ്പ് ക്ഷാമത്തിന് കാരണമായിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഈ വർഷം മുഴുവൻ നേരിട്ടേക്കുമെന്നാണ് കരുതുന്നതെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) കേരള ഘടകം ചെയർമാനും ഇ.വി.എം. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സാബു ജോണി പറഞ്ഞു.

ചിപ്പ് കിട്ടാനില്ലാത്തതിനാൽ വാഹന നിർമാതാക്കൾ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണ്. പുതിയ മോഡലുകളുടെ ലോഞ്ചിങ്ങിനെയും ഇത് ബാധിക്കുന്നുണ്ട്. കൂടുതൽ ഫീച്ചറുകളുള്ള ടോപ്പ് വേരിയന്റുകളിലാണ് കൂടുതൽ ചിപ്പുകൾ ആവശ്യമായിട്ടുള്ളത്. വാഹനത്തിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടച്ച് സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകളുടെയും പ്രവർത്തനം ചിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഫീച്ചറുകൾ വെട്ടിക്കുറയ്ക്കാനും ടോപ്പ് വേരിയന്റുകൾക്കു പകരം കുറഞ്ഞ വേരിയന്റുകൾ വിപണിയിലെത്തിക്കാനും കമ്പനികൾ നിർബന്ധിതരാകുന്നു.

ചിപ്പ് കുറവുള്ള വേരിയന്റുകൾ വിപണിയിലെത്തുന്നുണ്ടെങ്കിലും കേരളത്തിലെ മിക്ക ഉപഭോക്താക്കളും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും കൂടിയ മോഡലുകളാണ്. ഇത് വാഹന വില്പനയെയും സാരമായി ബാധിക്കുന്നുണ്ടെന്നും ഡെലിവറി സമയം നീളുന്നതായും സാബു ജോണി വ്യക്തമാക്കി.