ലണ്ടൻ: സ്റ്റീൽ നിർമാതാക്കളായ ടാറ്റാ സ്റ്റീൽ യൂറോപ്പിൽ 3,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ സ്റ്റീലിന്റെ ലഭ്യത കൂടിയതും യൂറോപ്പിൽ സ്റ്റീലിന്റെ ഡിമാന്റ് കുറയുന്നതും പരിഗണിച്ചാണ് നടപടി.

പിരിച്ചുവിടുന്നതിൽ ഭൂരിഭാഗം പേരും ഓഫീസ് ജീവനക്കാർ ആയിരിക്കുമെന്നാണ് സൂചന. നെതർലൻഡ്സ്‌ യൂണിറ്റിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക.

പ്രതികൂല സാഹചര്യത്തിൽ കമ്പനിയുടെ ഭാവിക്കായി മാറ്റം അനിവാര്യമാണെന്നും കമ്പനി ലാഭത്തിലാവുമെന്നും യൂറോപ്പിലെ ടാറ്റാ സ്റ്റീൽ സി.ഇ.ഒ. ഹെന്റിക് ആദം പറഞ്ഞു. അടുത്തിടെ, ടാറ്റാ സ്റ്റീൽ യൂറോപ്പിലെ സൗത്ത് വേൽസിലെയും വോൾവർഹാംപ്ടണിലെയും യൂണിറ്റുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു.