മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുമ്പോള്‍ പെട്ടെന്നുണ്ടായ അസ്വാരസ്യത്തിന്റെ പരിസമാപ്തി എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. 80 വര്‍ഷത്തെ നല്ല ബന്ധം മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ അവസാനിക്കുന്നുവെന്ന ഞെട്ടലും ഉണ്ടായി. എന്നാല്‍ പിന്നിട്ട 80 വര്‍ഷവും ടാറ്റ-മിസ്ത്രി ബന്ധം പോരടിച്ചുതന്നെയാണ് മുന്നോട്ടു നീങ്ങിയത്; ഒരേസമയം ചങ്ങാതിയും ശത്രുവുമെന്ന പോലെ.

സൈറസ് മിസ്ത്രിയുടെ മുത്തച്ഛന്‍ ഷപൂര്‍ജി മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ നിര്‍ണായക ഓഹരി പങ്കാളിത്തം നേടുന്നത് 1936-ലാണ്. അന്നു തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പോര്. മിസ്ത്രി കുടുംബം ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത് ടാറ്റയെ എന്നും അസ്വസ്ഥമാക്കിയിരുന്നു. അവിടെ നിന്ന് തുടങ്ങിയ മിസ്ത്രി കുടുംബത്തിന്റെ വളര്‍ച്ച, നിലവില്‍ ടാറ്റ സണ്‍സില്‍ 18.5 ശതമാനം ഓഹരി പങ്കാളിത്തം വരെ എത്തിനില്‍ക്കുകയാണ്.

ഇപ്പോള്‍ ഈ ഓഹരികള്‍ സ്വന്തമാക്കാനുള്ള വഴികളാണ് ടാറ്റ തേടുന്നത്. അത് അത്ര എളുപ്പമല്ലെന്ന് ടാറ്റയ്ക്കുമറിയാം. 30 ലിസ്റ്റഡ് കമ്പനികളുടെയും 100-ല്പരം ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെയും ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റ സണ്‍സ്. ലിസ്റ്റഡ് കമ്പനികള്‍ക്ക് മാത്രം 12,500 കോടി ഡോളറിന്റെ മൂല്യമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ടാറ്റ സണ്‍സില്‍ മിസ്ത്രി കുടുംബത്തിന്റെ മൊത്തം ആസ്തി 2300 കോടി ഡോളറാണ്.

പണമിടപാടുകാരനായ ദിന്‍ഷായുടെ അവകാശികളില്‍ നിന്നാണ് 1936-ല്‍ ഷപോര്‍ജി ടാറ്റ സണ്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. 1926-ല്‍ പവര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ദിന്‍ഷാ ടാറ്റ സണ്‍സിന് ഒരു കോടി രൂപ വായ്പ നല്‍കിയിരുന്നു. എന്നാല്‍ ടാറ്റയ്ക്ക് ആ തുക തിരിച്ചടയ്ക്കാനായില്ല. അതേത്തുടര്‍ന്ന് ആ തുക ടാറ്റ സണ്‍സിലെ 12.5 ശതമാനം ഓഹരിയാക്കി മാറ്റി. പിന്നീട് ഷപോര്‍ജി, ജെ.ആര്‍.ഡി. ടാറ്റയുടെ സഹോദരങ്ങളില്‍ നിന്ന് കുറച്ച് ഓഹരികള്‍ കൂടി വാങ്ങി. അങ്ങനെയാണ് ഓഹരി പങ്കാളിത്തം 18.5 ശതമാനമാകുന്നത്.
ജെ.ആര്‍.ഡി. ടാറ്റയുടെ സഹോദരങ്ങള്‍ സ്വരച്ചേര്‍ച്ചയില്ലായ്മയെത്തുടര്‍ന്ന് അവരുടെ ഓഹരികള്‍ ഒരു ബില്‍ഡര്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ ഓഹരി വില്പനയെ അന്നത്തെ ചെയര്‍മാന്‍ നവ്‌റോജി സ്‌ക്‌ളത്വാല എതിര്‍ത്തില്ലെന്നതും ദുരൂഹമാണ്. തുടര്‍ന്ന് വന്ന ജെ.ആര്‍.ഡി. ടാറ്റ, കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാള്‍ (ഷപോര്‍ജി) ബോര്‍ഡിലെത്തിയതില്‍ അസ്വസ്ഥനായിരുന്നു.

1975-ല്‍ ഷപോര്‍ജിയുടെ മരണത്തെ തുടര്‍ന്ന് സൈറസിന്റെ പിതാവ് പല്ലോന്‍ജി ടാറ്റ സണ്‍സിന്റെ ബോര്‍ഡിലെത്തി. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് ഇളയ മകന്‍ സൈറസ് ടാറ്റയില്‍ എത്തുന്നത്. 2011-ല്‍ സൈറസ് ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടതിനു ശേഷവും സമീപനത്തിലെയും ആശയങ്ങളിലെയും പൊരുത്തമില്ലായ്മ തുടര്‍ന്നു. ഒക്ടോബര്‍ 24 ന് അത് ഒരു പൊട്ടിത്തെറിയില്‍ കലാശിച്ചുവെന്നു മാത്രം.