കൊച്ചി: മലയാളിയായ ഹരി മേനോന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ സൂപ്പർമാർക്കറ്റായ ‘ബിഗ് ബാസ്കറ്റി’ന്റെ ഭൂരിപക്ഷ ഓഹരികൾ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കാനൊരുങ്ങുന്നു. ഓൺലൈൻ വിപണിയിലേക്ക് വൻതോതിൽ ഇറങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണ് പലവ്യഞ്ജനങ്ങൾ ഓൺലൈനിലൂടെ വിൽക്കുന്ന ഈ സ്റ്റാർട്ട് അപ്പിനെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നത്.

കമ്പനിയുടെ ഭൂരിപക്ഷം ഓഹരികൾക്കായി 100 കോടി ഡോളർ മുതൽമുടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, ഏതാണ്ട് 7,500 കോടി രൂപ.

ഓൺലൈൻ പലവ്യഞ്ജന വിപണിയിൽ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട്, ആമസോണിന്റെ ‘ഫ്രഷ്’ സർവീസസ് എന്നിവയുമായാണ് ബിഗ് ബാസ്കറ്റ് മത്സരിക്കുന്നത്. ഇന്ത്യൻ കമ്പനിയായ ഗ്രോഫേഴ്‌സാണ് ഈ രംഗത്തെ മറ്റൊരു കമ്പനി.

ബിഗ് ബാസ്കറ്റിന്റെ നിലവിലുള്ള ഓഹരിയുടമകളിൽ ചിലരിൽ നിന്നാവും ടാറ്റാ സൺസ് ഓഹരി സ്വന്തമാക്കുക. കമ്പനിയിൽ 26 ശതമാനം പങ്കാളിത്തമുള്ള ചൈനയുടെ ആലിബാബയും ഓഹരി വിൽക്കുമെന്നാണ് സൂചന. ഓൺലൈൻ വിപണിക്കായി ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്.