കൊച്ചി: സൈറസ് മിസ്ത്രിയെ ടാറ്റാ സൺസിന്റെ എക്സിക്യുട്ടീവ് ചെയർമാനായി തിരിച്ചുകൊണ്ടുവന്നുകൊണ്ടുള്ള നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിനെത്തുടർന്ന് ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവ്. ഉത്തരവിറങ്ങിയതിനു പിന്നാലെ ഓഹരി ഉടമകൾ ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വൻതോതിൽ വിറ്റഴിച്ചതാണ് വിലയിടിവിന് കാരണം.

ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 3.05 ശതമാനം ഇടിഞ്ഞ് 174.70 രൂപയായി. ടാറ്റാ കമ്മ്യൂണിക്കേഷൻ ഓഹരികൾ ദിവസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 423.05 രൂപയിൽനിന്ന് ഏഴ് ശതമാനം ഇടിഞ്ഞ് 394.30 രൂപയിലാണ് അവസാനിച്ചത്.

വോൾട്ടാസ് ഓഹരികൾ 2.85 ശതമാനം ഇടിവ് രേഖപ്പെടുത്തി 650 രൂപയായപ്പോൾ ടാറ്റാ കോഫി 4.09 ശതമാനം ഇടിഞ്ഞ് 91.40 രൂപയായി.

ഇന്ത്യൻ ഹോട്ടൽ കമ്പനി 2.85 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ടാറ്റാ പവർ ഓഹരികളുടെ വില 0.98 ശതമാനം കുറഞ്ഞ് 55.5 രൂപയിലെത്തിയപ്പോൾ ടാറ്റാ കെമിക്കൽസ് 1.53 ശതമാനം ഇടിഞ്ഞ് ഓഹരി വില 640 രൂപയായി.

എന്നാൽ, ടി.സി.എസ്. വില്പന സമ്മർദങ്ങളെ അതിജീവിച്ച് 0.07 ശതമാനം ഉയർന്ന് 2,167.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ടാറ്റാ സ്റ്റീലിന്റെ ഓഹരി വില 1.16 ശതമാനം ഉയർന്ന് 444.60 രൂപയിലുമെത്തി.

Content Highlights: TATA Group shares fall sharply