മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന്‍ നിയമിതനായി. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐ.ടി. കമ്പനിയായ ടി.സി.എസ്സിന്റെ മേധാവിയാണ് നിലവില്‍ അദ്ദേഹം. 53-കാരനായ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ഫിബ്രവരി 21 ന് ചുമതലയേല്‍ക്കും.

ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സ് വ്യാഴാഴ്ച വൈകീട്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടിയാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുന്നതോടെ, രാജേഷ് ഗോപിനാഥന്‍ ടി.സി.എസ്സിന്റെ സി.ഇ.ഒ. ആകും. നിലവില്‍ ടി.സി.എസ്സില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് രാജേഷ്.

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി എത്തിയ സൈറസ് മിസ്ത്രിയെ രണ്ടര മാസം മുമ്പ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി പുറത്താക്കിയിരുന്നു. പുതിയ മേധാവിയെ കണ്ടെത്തുന്നതുവരെ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി എത്തുകയും ചെയ്തു. ഇതിന് പിന്നാലെ, ചന്ദ്രശേഖറിനെ ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കുകയും ചെയ്തു. അദ്ദേഹമാകും ടാറ്റ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാന്‍ എന്ന് അപ്പോള്‍ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ ചന്ദ്രശേഖരന്‍ 1987-ലാണ് ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നത്. 2009-ല്‍ ടി.സി.എസ്സിന്റെ സി.ഇ.ഒ. പദവയിലെത്തി. ആ നിലയില്‍ നിന്നാണ് ഇപ്പോള്‍ ഗ്രൂപ്പ് ചെയര്‍മാനായുള്ള സ്ഥാനക്കയറ്റം. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയാണ്. പുതിയ മേധാവിയെ കണ്ടെത്തിയതോടെ രത്തന്‍ ടാറ്റ ചെയര്‍മാന്‍ എമിറെറ്റസ് പദവിയിലേക്ക് മാറും.