കൊച്ചി: സപ്ലൈകോ വഴി ഇനി ഗൃഹോപകരണങ്ങളും വാങ്ങാം. ആദ്യപടിയായി തിരഞ്ഞെടുക്കപ്പെട്ട 10 വിൽപ്പനശാലകളിലൂടെയാണ് വിപണനം ആരംഭിക്കുന്നത്.

ചൊവ്വാഴ്ച മുതൽ എറണാകുളം, കോട്ടയം, കരുനാഗപ്പള്ളി, തിരുവനന്തപുരം ഹൈപ്പർ മാർക്കറ്റുകളിലും കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർമാർക്കറ്റുകളിലും ഗൃഹോപകരണങ്ങൾ ലഭ്യമാകും. തൃശ്ശൂർ പീപ്പിൾസ് ബസാറിൽനിന്ന്‌ ഇത് വാങ്ങാവുന്നതാണ്.

ഗൃഹോപകരണ വിപണനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പർ മാർക്കറ്റിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. തത്സമയം വീഡിയോ കോൺഫറൻസിലൂടെ മറ്റു വിൽപ്പനശാലകളിലെയും വിപണനോദ്ഘാടനം നടക്കും.

കൂടുതൽ ഉപഭോക്താക്കളെ സപ്ലൈകോയിലേക്ക് ആകർഷിക്കുന്നതിനും ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുമായാണ് സപ്ലൈകോ ഗൃഹോപകരണ വിപണിയിലേക്ക് കടക്കുന്നത്. ഏപ്രിൽ-ജൂൺ മാസത്തിനുള്ളിൽ വിൽപ്പനശാലകളുടെ എണ്ണം 50 ആക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അടുത്ത വർഷം മുതൽ എല്ലാ താലൂക്കിലും ഗൃഹോപകരണങ്ങൾ വിപണനം ചെയ്യാനുള്ള പദ്ധതികൾ സപ്ലൈകോ നടത്തിവരികയാണ്. ഇതിനായി വിൽപ്പനശാലകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ നടന്നുവരികയാണ്.

ബജാജ്, ഹാവെൽസ്, ടി.ടി.കെ. പ്രസ്റ്റീജ്, ഐബെൽ, നോൾട്ട എന്നീ കമ്പനികളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് ധാരണയുള്ളത്. മിക്സി, പ്രഷർ കുക്കർ, സീലിങ് ഫാൻ, ഗ്യാസ് സ്റ്റൗ, എയർ കൂളർ, ഇൻഡക്ഷൻ കുക്കർ, തെർമൽ ഫ്ളാസ്ക്, അയൺ ബോക്സ്, ഡിന്നർ സെറ്റ്, ഫ്രൈ പാൻ, കാസ്സെറോൾ, മോപ്പുകൾ തുടങ്ങിയ ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കൂടുതൽ കമ്പനികളുടെ ഉത്പന്നങ്ങൾ വൈകാതെ ലഭ്യമാക്കും.

കമ്പനികളുമായി ചർച്ചകൾ നടന്നുവരികയാണ്. എം.ആർ.പി.യിൽനിന്ന്‌ 40 ശതമാനം വരെ വിലക്കുറവിലാണ് ഉത്പന്നങ്ങൾ വിൽക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് 15 വരെ ഓഫറുകളുണ്ട്.

നടപ്പു സാമ്പത്തിക വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 3,170 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ വഴി നടന്നത്. ഗൃഹോപകരണങ്ങളുടെ വിപണനം കൂടി വരുമ്പോഴേക്കും വിൽപ്പന കൂടുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.

Content Highlights: Suppyco enter home Appliance Market