കൊച്ചി: മലയാളിയായ സഞ്ജു സോണി കുര്യൻ കോ-ഫൗണ്ടറായുള്ള ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസി അധിഷ്ഠിത ഫിൻടെക് സ്റ്റാർട്ട്അപ്പായ ‘വോൾഡ്’ (vauld.com) 2.5 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. അതായത്, 186 കോടി രൂപ.

ആഗോള ഓൺലൈൻ പേയ്‌മെന്റ്‌സ് കമ്പനിയായ പേപാലിന്റെ സ്ഥാപകൻ പീറ്റർ തീലും നിക്ഷേപകരിൽ പെടുന്നു. അദ്ദേഹത്തിന്റെ നിക്ഷേപക സ്ഥാപനമായ വലാർ വെഞ്ച്വേഴ്‌സാണ് ‘സീരീസ് എ’ റൗണ്ടിലുള്ള ഈ ഫണ്ടിങ്ങിന് നേതൃത്വം നൽകിയത്. ക്രിപ്‌റ്റോ കറൻസി രംഗത്തുള്ള സംരംഭങ്ങളിൽ മുതൽമുടക്കുന്ന പാന്റേര കാപ്പിറ്റൽ, ഈ മേഖലയിലെ എക്സ്‌ചേഞ്ചായ കോയിൻബേസ്, സി.എം.ടി., ഗുമി ക്രിപ്‌റ്റോസ്, ബെറ്റർ കാപ്പിറ്റൽ, റോബർട്ട് വെഞ്ച്വേഴ്‌സ്, കേഡൻസ എന്നിവയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിൽ പങ്കാളികളായി.

ബിറ്റ്‌കോയിൻ, ഇഥേറിയം പോലുള്ള ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസികളിൽ പൊതുജനങ്ങൾക്ക് നിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് വോൾഡ്. ഇവയിലെ നിക്ഷേപങ്ങൾക്ക് മൂലധന നേട്ടത്തിനു പുറമെ പലിശ വരുമാനം കൂടി നൽകുമെന്നതാണ് വോൾഡിന്റെ പ്രത്യേകത. കൂടാതെ, ഇത്തരം ഡിജിറ്റൽ കറൻസികൾ വായ്പയെടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ബെംഗളൂരുവും സിങ്കപ്പൂരും കേന്ദ്രമായാണ് പ്രവർത്തനം.

ക്രിപ്‌റ്റോ കറൻസികളിലുള്ള സ്പോട്ട് ട്രേഡിങ് എക്സ്‌ചേഞ്ചിനും ഈ സ്റ്റാർട്ട്അപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ പേയ്‌മെന്റ്‌സ് ബാങ്കുകളുടെ മാതൃകയിൽ ഏതാനും രാജ്യങ്ങളിൽ അടിസ്ഥാന ഡിജിറ്റൽ ബാങ്കിങ് സൗകര്യം ആരംഭിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വൻതോതിൽ ഉയർത്താനും സ്പെഷ്യലൈസ്ഡ് ബാങ്കിങ് ലൈസൻസുകൾ നേടാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് വോൾഡിന്റെ കോ-ഫൗണ്ടറും ചീഫ് ടെക്‌നോളജി ഓഫീസറുമായ സഞ്ജു സോണി കുര്യൻ പറഞ്ഞു.

മാവേലിക്കര സ്വദേശിയായ സഞ്ജു, കുസാറ്റിൽ നിന്നുള്ള ബി.ടെക് ബിരുദധാരിയാണ്. 2018 അവസാനമാണ് കോയമ്പത്തൂർ സ്വദേശി ദർശൻ ബതീജയുമായി ചേർന്ന് വോൾഡിന് തുടക്കംകുറിച്ചത്. നേരത്തെ സമാഹരിച്ച 19 കോടി രൂപയുടെ പ്രാരംഭ ഫണ്ട് കൂടി കണക്കിലെടുത്താൽ ഈ സ്റ്റാർട്ട്അപ്പ് മൂന്നുവർഷം കൊണ്ട് 205 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.