start upകൊച്ചി: മലയാളിയുടെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂലധന നിക്ഷേപം നടത്തുന്നു. കണ്ണൂര്‍ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എജ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പായ 'ബൈജൂസി'ലാണ് സക്കര്‍ബര്‍ഗ് ഓഹരി എടുക്കുന്നത്. 'ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്' എന്ന സംരംഭം വഴിയാണ് സക്കര്‍ബര്‍ഗ് മൂലധന നിക്ഷേപം നടത്തുക.

വരും തലമുറകള്‍ക്കായി ലോകത്തെ പ്രാപ്തമാക്കാന്‍ സഹായിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേര്‍ന്ന് രൂപം നല്‍കിയതാണ് ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്. ഇവര്‍ ഏഷ്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണ് ബൈജൂസിലേത്.

ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവും മറ്റു നിക്ഷേപകരും ചേര്‍ന്ന് ഏതാണ്ട് 330 കോടി രൂപ (അഞ്ച് കോടി ഡോളര്‍) യുടെ മൂലധന നിക്ഷേപമാണ് ബൈജൂസില്‍ നടത്തുന്നത്. ഇതില്‍ ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് മാത്രമായി എത്ര തുക നിക്ഷേപിക്കുന്നുവെന്ന് അറിവായിട്ടില്ല. സെക്വയ കാപ്പിറ്റല്‍, സോഫിന, ലൈറ്റ് സ്​പീഡ് വെഞ്ച്വേഴ്‌സ്, ടൈംസ് ഇന്റര്‍നെറ്റ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും ഇത്തവണ നിക്ഷേപം നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിവിധ നിക്ഷേപകരില്‍ നിന്നായി ബൈജൂസ് 510 കോടി രൂപ സമാഹരിച്ചിരുന്നു.

മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന സംരംഭമാണ് ബൈജൂസ്. തിങ്ക് ആന്‍ഡ് ലേണ്‍ എന്ന കമ്പനിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ബൈജൂസ് മൊബൈല്‍ ആപ്പിലൂടെ പഠിപ്പിക്കുന്നത്. ഇതിനു പുറമെ, പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കുന്നുണ്ട്.

സക്കര്‍ബര്‍ഗുമായുള്ള പങ്കാളിത്തത്തിലൂടെ ബൈജൂസിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബൈജൂസ് ക്ലാസസിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. പുതുതായി സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര വിപണികളിലേക്കുള്ള സാന്നിധ്യം ഉയര്‍ത്തുകയാണ് ലക്ഷ്യം.

കുട്ടികള്‍ക്ക് പഠനത്തോട് കൂടുതല്‍ താത്പര്യം ജനിപ്പിക്കാന്‍ സഹായിക്കുന്നതാണ് ബൈജൂസെന്ന് ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് മാനേജിങ് ഡയറക്ടര്‍ വിവിയന്‍ വു പറഞ്ഞു. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവിന്റെ പ്രതിനിധിയായി അവര്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഇടം പിടിക്കും.