കൊച്ചി: കേരളത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) വ്യവസായ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാൻ അന്വേഷണങ്ങള്‍ കൂടുന്നു. സംരംഭങ്ങള്‍ തുടങ്ങാൻ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതാണ് ആകര്‍ഷണം. നടപ്പു സാമ്പത്തിക വര്‍ഷം 15,000 എം.എസ്.എം.ഇ.കള്‍ ആരംഭിക്കാനാണ് വ്യവസായ വാണിജ്യ വകുപ്പ് ലക്ഷ്യം െവച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇതുവരെയായി 276 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചിട്ടുള്ളത്. മാത്രമല്ല, 1,600 കോടി രൂപ മൂലധന നിക്ഷേപം ലക്ഷ്യംവെച്ചിരുന്നിടത്ത് 27.47 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയിട്ടുള്ളത്.

സാധാരണ ഏപ്രില്‍-മേയ് മാസങ്ങളിലാണ് കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ അന്വേഷണങ്ങള്‍ വന്നെങ്കിലും പുതിയ സംരംഭങ്ങള്‍ കുറവായിരുന്നു. കോവിഡ് വ്യാപ്തി കുറയുന്നതോടെ പുതിയ എം.എസ്.എം.ഇ.കള്‍ ആരംഭിക്കുമെന്നാണ് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ.

മുന്നിൽ എറണാകുളവും മലപ്പുറവും

നടപ്പു സാമ്പത്തിക വര്‍ഷം മേയ് വരെ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത് എറണാകുളം (44) ജില്ലയിലാണ്. നിക്ഷേപം കൂടുതല്‍ എത്തിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ് (5.26 കോടി). വരും വര്‍ഷങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വര്‍ധനയുണ്ടാകുമെന്നാണ് വ്യവസായ വാണിജ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കഴിഞ്ഞ രണ്ട്‌ സാമ്പത്തിക വര്‍ഷങ്ങള്‍ പ്രളയം കൊണ്ടുപോയതിനാല്‍ സംരംഭം ആരംഭിക്കുന്നതില്‍ കുറവ് വന്നിരുന്നു. എന്നാല്‍ നിക്ഷേപത്തില്‍ കുറവ് വന്നിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാലക്കാട് (1,694), തൃശ്ശൂര്‍ (1,594) ജില്ലകളിലാണ് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത്. എല്ലാ ജില്ലകളിൽ നിന്നുമായി മൊത്തം 1,338.7 കോടി രൂപയുടെ നിക്ഷേപവുമെത്തി.

പ്രവാസികള്‍ മുന്നോട്ട്

കേരളത്തില്‍ സംരംഭം തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രവാസികളും. വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച പോര്‍ട്ടല്‍ വഴി പ്രവാസികള്‍ക്ക് അവരുടെ അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിവരങ്ങള്‍, താത്പര്യമുള്ള മേഖല എന്നിവ രേഖപ്പെടുത്താം. ഇത്തരത്തില്‍ 2,063 പേരാണ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുള്ള 992 പേരില്‍ 21 പേര്‍ സംരംഭം ആരംഭിച്ചുകഴിഞ്ഞു.

ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയത് എറണാകുളം ജില്ലയിലാണ്. 12 സംരംഭങ്ങള്‍ വരുമിത്. ജൂണ്‍ ആദ്യവാരമാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. www.industry.kerala.gov.in വഴിയാണ് പ്രവാസി വിവരശേഖരണം. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തി ആവശ്യമായ സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും.