കൊച്ചി: ഇന്ത്യയിലെ തേയില ഉത്പാദനം 2020-ൽ 125.75 കോടി കിലോയായി കുറഞ്ഞു. മുൻ വർഷത്തെ 139 കോടിയെ അപേക്ഷിച്ച് 13.25 കോടി കിലോയുടെ കുറവ്. ഉത്പാദനം കുറഞ്ഞെങ്കിലും ആഗോള തേയില ഉത്പാദന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക്‌ കഴിഞ്ഞതായി ‘ടീ ട്രേഡ് അസോസിയേഷ’ന്റെ വാർഷിക പൊതുയോഗത്തിൽ സ്ഥാനമൊഴിഞ്ഞ ചെയർമാൻ അപ്പു കുര്യൻ വ്യക്തമാക്കി.

വടക്കേ ഇന്ത്യയിലെ ഉത്പാദനം 117.11 കോടി കിലോയിൽനിന്ന് 103.55 കോടി കിലോയായി കുറഞ്ഞപ്പോൾ ദക്ഷിണേന്ത്യയിലെ ഉത്പാദനം 21.9 കോടി കിലോയിൽനിന്ന് 22.21 കോടി കിലോയായി ഉയർന്നു. 31.1 ലക്ഷം കിലോയുടെ വർധന.

കേരളത്തിലെ ഉത്പാദനവും കൂടിയിട്ടുണ്ട്. 5.90 കോടി കിലോയിൽനിന്ന് 6.31 കോടി കിലോയായി ഉയർന്നു. ഏതാണ്ട് 40 ലക്ഷം കിലോയുടെ വർധന.

എന്നാൽ, കൊച്ചി ലേല കേന്ദ്രത്തിലെ വില്പന കൂനൂർ, കോയമ്പത്തൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിലെ വില്പന 45,030 ടണ്ണായാണ് കുറഞ്ഞത്. അതേസമയം, കൊച്ചിയിലെ ശരാശരി വില 140.42 രൂപയായിരുന്നു.

ദക്ഷിണേന്ത്യയിൽനിന്നുള്ള തേയില കയറ്റുമതി 9.98 കോടി കിലോയിൽനിന്ന് 8.41 കോടി കിലോയായി കുറഞ്ഞിട്ടുണ്ടെന്നും വാർഷിക റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

യോഗത്തിൽ വൈസ് ചെയർമാൻ തോമസ് ജേക്കബ്, സെക്രട്ടറി പ്രവീൺ ബി. മേനോൻ എന്നിവരും സംബന്ധിച്ചു.