മുംബൈ: വായ്പത്തുകയും തൊഴിലും പരിഗണിക്കാതെ ക്രെഡിറ്റ് സ്കോർ വിലയിരുത്തി എല്ലാവർക്കും 6.70 ശതമാനത്തിൽ ഭവനവായ്പ വാഗ്ദാനം ചെയ്ത് എസ്.ബി.ഐ. യുടെ ഉത്സവകാല ഓഫർ. നേരത്തേ 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 7.15 ശതമാനമായിരുന്നു പലിശ. ശമ്പളേതര വരുമാനക്കാർക്ക് ശമ്പള വരുമാനക്കാരേക്കാൾ 0.15 ശതമാനം അധികപലിശയും ഈടാക്കിയിരുന്നു. ഉത്സവകാലത്തോടനുബന്ധിച്ച് ഈ വേർതിരിവുകൾ ഒഴിവാക്കി. 30 വർഷ കാലയളവിൽ 75 ലക്ഷം രൂപ വായ്പയെടുക്കുന്നവർക്ക് ഇതുവഴി പലിശയിനത്തിൽ എട്ടുലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്ന് ബാങ്ക് വ്യക്തമാക്കി.

വായ്പകളുടെ പ്രോസസിങ് ചാർജും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. മറ്റു ബാങ്കുകളിൽനിന്ന് എസ്.ബി.ഐ. യിലേക്ക് മാറ്റുന്ന ഭവനവായ്പകൾക്കും ഈ ഓഫറുകൾ ബാധകമായിരിക്കും. ബാങ്കിന്റെ അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞ ദിവസം 7.45 ശതമാനമായി കുറച്ചിരുന്നു.