ന്യൂഡൽഹി: നോട്ട്‌ നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2,000 രൂപ നോട്ടുകളിൽ നല്ലൊരു ശതമാനം പ്രചാരത്തിലില്ലെന്നും അവ പൂഴ്ത്തിെവച്ചിരിക്കുകയാണെന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. ഈ നോട്ടുകൾ നിരോധിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സെക്രട്ടറി പദവിയിൽനിന്ന് ഊർജ സെക്രട്ടറിയായി തരംതാഴ്ത്തിയതോടെ കഴിഞ്ഞ മാസം സുഭാഷ് ചന്ദ്ര സർവീസിൽനിന്ന് സ്വയം വിരമിച്ചിരുന്നു.

2,000 രൂപ നോട്ടുകൾ മൂല്യത്തിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂന്നിലൊന്നു വരും. ഇവ യഥാർഥത്തിൽ പ്രചാരത്തിലില്ലാത്തതുകൊണ്ട് നിരോധിക്കാൻ എളുപ്പമാവും. ബാങ്കിലെത്തുന്ന 2,000 രൂപ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനെത്തിക്കാതിരിക്കുക എന്ന ലളിതമായ മാർഗത്തിലൂടെ ആളുകൾക്ക് അസൗകര്യമില്ലാത്ത രീതിയിൽ 2,000 രൂപ നോട്ടുകൾ നിരോധിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട്‌ നിരോധനത്തിന്റെ മൂന്നാം വാർഷിക വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.