: കോംപാക്ട് എസ്.യു.വി.കളുടെ കൂട്ടത്തിലേക്ക് റെനോയും എത്തുകയാണ്, ‘കൈഗറി’നേയും കൊണ്ട്. ഇപ്പോൾ ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടക്കുന്ന ചെറു എസ്.യു.വി.കളുടെ ലോകത്തേക്കാണ് ആഗോളതലത്തിൽത്തന്നെ ഇന്ത്യയിൽ കൈഗറിന്റെ പുറത്തിറക്കൽ നടന്നത്. ഇന്ത്യയിലെ അരങ്ങേറ്റത്തിനു ശേഷമായിരിക്കും കൈഗർ കടൽകടക്കുക.

കാഴ്ചയിലെ പുതുമയാണ് കൈഗറിനെ വ്യത്യസ്ഥമാക്കുന്നത്. നിസാൻ ‘മാഗ്നെറ്റ്’, കിയ ‘സോണെറ്റ്’ തുടങ്ങി വിപണിയിലെ പുതു വമ്പൻമാർക്കൊപ്പം മാരുതി സുസുക്കി ‘ബ്രെസ’, ടാറ്റാ ‘നെക്സൺ’, ഹ്യുണ്ടായ് ‘വെന്യു’ തുടങ്ങിയവരും എതിരാളികളായിരിക്കും.

ട്രൈബറും ഡസ്റ്ററുമുണ്ടാക്കിയ ഓളത്തിന്റെ വേഗം കൂട്ടാനാവും കൈഗറിന്‌ എന്ന വിശ്വാസവുമായാണ് റെനോ നാല്‌ മീറ്ററിൽ താഴെയുള്ള അങ്കത്തിനൊരുങ്ങുന്നത്.

സി.എം.എഫ്.എ. പ്ലസ് പ്ലാറ്റ്ഫോമിലെത്തുന്ന കൈഗർ ആകാരത്തിലാണ് വ്യത്യസ്തനാവുന്നത്. നിരത്തിലെത്തും മുമ്പേ വിപണിയുടെ ശ്രദ്ധ ആകർഷിച്ചതും അതുകൊണ്ടുതന്നെ. ചിറകു പോലുള്ള ഗ്രില്ലും അതിനോടു ചേർന്നുള്ള ഡി.ആർ.എല്ലും. ഗ്രില്ലിനു താഴെയായി മൂന്ന് പെട്ടികളിലായി ഒതുക്കിവെച്ച പ്രൊജക്ടഡ് ഹെഡ്‌ ലാമ്പുമാണ് മുന്നിലെ പ്രത്യേകത. ഇത്രയും താഴ്ത്തിവച്ചിട്ടുള്ള ഹെഡ്‌ ലാമ്പുകൾ തന്നെയാണ് പരമ്പരാഗത മുഖങ്ങളിൽ നിന്ന് കൈഗറിനെ വേറിട്ടു നിർത്തുന്നത്. അതുപോലെ പിന്നിലെ ടെയിൽ ലാമ്പുകളിലും വ്യത്യസ്തത കൊണ്ടുവരാൻ റെനോ ശ്രമിച്ചിട്ടുണ്ട്.

സ്പോർട്ടിയായ ഇന്റീരിയർ, 8 ഇഞ്ച് ഫ്ളോട്ടിങ് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ, എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ്, റിയർ എ.സി. വെന്റ് തുടങ്ങിയ ഫീച്ചറുകളും ഉള്ളിലുണ്ട്.

ജാപ്പനിലെ റെനോയുടെ പങ്കാളിയായ നിസ്സാന്റെ മാഗ്നൈറ്റിൽ നിന്ന് കടമെടുത്ത എച്ച്.ആർ.എ.ഒ. വൺ ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കൈഗറിനേയും ചലിപ്പിക്കുന്നത്. 99 ബി.എച്ച്.പി.യോളം കരുത്തും 160 എൻ.എം. വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിന്‌ കൂട്ടായി മാനുവൽ, എ.എം.ടി., സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

കൈഗറിന്റെ മികവിൽ ഇന്ത്യയിലെ ഇതുവരെയുള്ള വാഹന വിൽപ്പന 10 ലക്ഷം യൂണിറ്റിൽ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ റെനോ. ഇതുവരെ ആറര ലക്ഷത്തോളം വാഹനങ്ങളാണ്‌ റെനോ ഇന്ത്യയിൽ വിറ്റത്.