കൊച്ചി: ബാങ്കുകൾ വായ്പാ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോ നിരക്കുമായി ബന്ധിപ്പിക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് അധികൃതർ. നിലവിൽ ബാങ്കുകൾ തന്നെ നിശ്ചയിക്കുന്ന മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റുമായി (എം.സി.എൽ.ആർ.) ബന്ധിപ്പിച്ചാണ് വായ്പകൾക്ക് പലിശ ഈടാക്കുന്നത്. എം.സി.എൽ.ആറിൽ ഓരോ മാസവും ബാങ്കുകൾ മാറ്റം വരുത്താറുണ്ട്. ഇത് റിപോ നിരക്കുമായി താരതമ്യപ്പെടുത്തിയാണ് ചെയ്യുന്നതെങ്കിലും ഇതുവഴി റിപോ നിരക്കിലെ കുറവ് മുഴുവനായും ഉപഭോക്താക്കളിലേക്ക് എത്താറില്ല.

രണ്ട് മാസം കൂടുമ്പോഴാണ് കേന്ദ്ര ബാങ്ക് ധനനയ അവലോകന യോഗം ചേരുന്നത്. കഴിഞ്ഞ നാല് യോഗങ്ങളിലും ആർ.ബി.ഐ. റിപോ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ, ഇതിനാനുപാതികമായി ചില ബാങ്കുകൾ മാത്രമാണ് എം.സി.എൽ.ആറിൽ മാറ്റം വരുത്തിയത്. ഉദാഹരണത്തിന് റിപോ നിരക്കിൽ ആർ.ബി.ഐ. കാൽ ശതമാനം കുറവ് വരുത്തുമ്പോൾ ബാങ്കുകൾ എം.സി.എൽ.ആറിൽ വരുത്തുന്ന കുറവ് ചിലപ്പോൾ 0.15 ശതമാനം ആയിരിക്കും. ഇതിനോട് ബാങ്കിന്റെ പ്രത്യേക സമിതി തീരുമാനിക്കുന്ന നിരക്കു കൂടി കൂട്ടിച്ചേർത്താണ് വായ്പാ നിരക്ക് നിശ്ചയിക്കുക. ചില അവസരങ്ങളിൽ എം.സി.എൽ.ആർ. തന്നെയായിരിക്കും വായ്പാ നിരക്ക്. അതായത് ഈ സംവിധാനത്തിനു കീഴിൽ റിപോ നിരക്കിലെ കുറവ് മുഴുവനായും ലോണെടുത്തവർക്ക് ഉപകാരപ്പെടുന്നില്ലെന്നു സാരം.

വായ്പാ നിരക്കുകൾ റിപോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ റിപോ നിരക്കിൽ വരുത്തുന്ന ഏറ്റക്കുറച്ചിലുകൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് ബാങ്ക് വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ നാലു തവണയായി റിപോ നിരക്കിൽ 1.10 ശതമാനം കുറവാണ് വരുത്തിയത്. ഇത് മുഴുവനായും ഉപഭോക്താക്കളിലേക്ക് എത്തുകയാണെങ്കിൽ വായ്പകളുടെ പലിശ നിരക്കിൽ 1.10 ശതമാനം കുറവുണ്ടാകും. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയ്ക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയാണ് റിപോ. നിലവിൽ ഇത് 5.40 ശതമാനമാണ്.

എസ്.ബി.ഐ.യും ബാങ്ക് ഓഫ് ബറോഡയും (ബി.ഒ.ബി.) വായ്പാ നിരക്കുകൾ റിപോ നിരക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ഭവന, വാഹന വായ്പാ നിരക്കുകളാണ് ബി.ഒ.ബി. റിപോ നിരക്കുമായി ബന്ധിപ്പിച്ചത്. ഈ വായ്പകൾക്ക് 8.35 ശതമാനം മുതലാണ് പലിശ നിരക്ക്. അതേസമയം, എം.സി.എൽ.ആറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കിന്റെ മറ്റ് വായ്പകളുടെ നിരക്ക് 8.45 ശതമാനത്തിലാണ് തുടങ്ങുന്നത്. റിസർവ് ബാങ്ക് നയ പ്രഖ്യാപനത്തിനു ശേഷം എസ്.ബി.ഐ. വായ്പാ നിരക്കിൽ 0.15 ശതമാനം കുറവാണ് വരുത്തിയത്. ഇവയ്ക്കു പുറമെ യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയവയാണ് വായ്പാ നിരക്കുകൾ റിപോ നിരക്കുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നത്. അധികം വൈകാതെ കൂടുതൽ ബാങ്കുകൾ ഈ സംവിധാനത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്.