കൊച്ചി: ഇന്ത്യൻ ടെലിവിഷനുകളിലെയും യു ട്യൂബിലെയും പരസ്യങ്ങളിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സാന്നിധ്യം ആഗോള ശരാശരിയെക്കാൾ കൂടുതൽ. ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷനും യൂണിസെഫും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2019-ൽ പ്രദർശിപ്പിക്കപ്പെട്ട ആയിരത്തിലേറെ ടി.വി. യു ട്യൂബ് പരസ്യങ്ങളിലാണ് ഗവേഷണം നടത്തിയത്. ഏറ്റവും ജനപ്രിയമായ പരസ്യങ്ങളാണ് കണക്കിലെടുത്തത്.

ഗീന ഡേവിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജൻഡർ ഇൻ മീഡിയ എന്ന സ്ഥാപനത്തിന്റെ കൂടി പങ്കാളിത്തത്തോടെയായിരുന്നു പഠനം. മൊത്തം സ്‌ക്രീൻ സമയത്തിലും (59.7 ശതമാനം) സംസാര സമയത്തിലും (56.3 ശതമാനം) സ്ത്രീകളാണ് മുന്നിൽ. അതേസമയം, ആഗോളതലത്തിൽ ഇത് യഥാക്രമം 44 ശതമാനവും 39 ശതമാനവുമാണ്.