കൊച്ചി: രാജ്യത്ത് പെട്രോൾ വില തുടർച്ചയായി രണ്ടാം ദിവസവും വർധിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുപ്രകാരം ആറ് പൈസയുടെ വർധനയാണ് ശനിയാഴ്ച രാജ്യത്തെ പെട്രോൾവിലയിലുണ്ടായത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 80.51 രൂപയായിരുന്നു ശനിയാഴ്ചത്തെ നിരക്ക്. ചെന്നൈയിൽ 77.83 രൂപയും കൊൽക്കത്തയിൽ 77.54 രൂപയും ഡൽഹിയിൽ 74.86 രൂപയുമായാണ് പെട്രോൾ വില ഉയർന്നത്. ഈ നഗരങ്ങളിൽ ഡീസൽ വില ശനിയാഴ്ച മാറ്റമില്ലാതെ തുടർന്നു.
കേരളത്തിൽ പെട്രോൾ വില ലിറ്ററിന് ശരാശരി 77 എന്ന നിലവാരത്തിലെത്തി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 76.81 നിലവാരത്തിലും ഡീസൽ വില 69.40 എന്ന നിലവാരത്തിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്.
തിരുവനന്തപുരത്താണ് ഉയർന്ന വില, ലിറ്ററിന് 78.30. തലസ്ഥാനനഗരിയിൽ ഡീസൽ വില 70 കടന്ന് 70.81 രൂപയിലെത്തി. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 77.11 രൂപയും ഡീസലിന് 69.71 രൂപയുമാണ് ശനിയാഴ്ചത്തെ വില.