വിയന്ന: എണ്ണവിലയിലെ ഇടിവ് പിടിച്ചുനിർത്താൻ ഉത്പാദനം കാര്യമായി കുറയ്ക്കാൻ ഒപെക് തയ്യാറാകുമെന്ന് കരുതിയതാണെങ്കിലും അതുണ്ടാവില്ല. ഉത്പാദനത്തിൽ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവ് വരുത്തിയാൽ മതിയെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തിൽ ധാരണയായെന്നാണ് സൂചന. ഏറ്റവും വലിയ ഉത്പാദകരായ സൗദി അറേബ്യയുടെ സമ്മർദത്തെ തുടർന്നാണ് ഇത്.

അതേസമയം, ഒപെക് കൂട്ടായ്മയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഉത്പാദകരായ റഷ്യയുടെ കൂടി തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഒപെക്. റഷ്യയുടെ കൂടി അഭിപ്രായം കേട്ട ശേഷമായിരിക്കും ഉത്പാദനം എത്ര കണ്ട് കുറയ്ക്കണമെന്ന് ധാരണയിലെത്തുക.

14 ലക്ഷം വീപ്പയുടെ വരെ കുറവ് വരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 10 ലക്ഷമെന്നാൽ ആഗോള എണ്ണ ഉത്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ്.

ഇതു സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ, വ്യാഴാഴ്ച അസംസ്‌കൃത എണ്ണവില അഞ്ചു ശതമാനത്തിനടുത്ത് ഇടിഞ്ഞു. ഇതോടെ, വീപ്പയ്ക്ക് വീണ്ടും 60 ഡോളറിനു താഴെയായി.

ഉത്പാദനം കാര്യമായി കുറയ്ക്കാതിരിക്കാൻ സൗദിക്കു മേൽ അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ട്. എണ്ണ ഉത്പാദനം സംബന്ധിച്ച് ബുധനാഴ്ച അമേരിക്കൻ പ്രതിനിധിയുമായി ചർച്ച നടത്തിയെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ-ഫലീഹ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉത്പാദനം കുറയ്ക്കാൻ ആരുടെയും സമ്മതം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള എണ്ണ ഉത്പാദനത്തിന്റെ 12 ശതമാനവും സംഭാവന ചെയ്യുന്നത് സൗദിയാണ്. സൗദി, യു.എ.ഇ., ഖത്തർ, ഇറാൻ, ഇറാഖ്, കുവൈത്ത്‌, വെനസ്വേല, നൈജീരിയ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെകിൽ അംഗങ്ങളായിട്ടുള്ളത്. ഇതിൽ ഖത്തർ ഒപെക്കിൽ നിന്ന് പിൻമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപെക് അംഗങ്ങൾക്കു പുറമെ, റഷ്യ, ഒമാൻ, ഖസാകിസ്താൻ എന്നീ എണ്ണ ഉത്പാദകരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഇപ്പോൾ തീരുമാനമെടുക്കുന്നത്.