കൊച്ചി: ഇലയിൽ വിളമ്പിയാലേ സദ്യ പൂർണമാവൂ. പ്രത്യേകിച്ച്, ഓണസദ്യ. സ്ഥാപനങ്ങളും സംഘടനകളും മത്സരിച്ച് ഓണസദ്യ വിളമ്പിയപ്പോൾ ഇലയുടെ ബിസിനസും തളിർക്കുകയാണ്. ഓണക്കാലത്ത് ഏകദേശം മൂന്നു കോടി രൂപയുടെ വ്യാപാരമാണ് ഈ രംഗത്ത് നടക്കുന്നത്. തിരുവോണത്തിനു മാത്രം ഇലയിൽ ഉണ്ണാനായി മലയാളികൾ ചെലവഴിക്കുന്നതാകട്ടെ ഏകദേശം 20 ലക്ഷം രൂപയും.

സാധാരണ മൂന്നു മുതൽ നാലു രൂപ വരെയാണ് ഒരു വാഴയിലയുടെ വില. എന്നാൽ, ഓണം അടുത്തതോടെ വാഴയിലയുടെ ശരാശരി വില അഞ്ച് രൂപയായി. ഇതിൽ തന്നെ, ’ഫസ്റ്റ് ക്വാളിറ്റി’ ഇലയായ തളിരില ഒരെണ്ണത്തിന് ശരാശരി വില ഏഴ് രൂപയാണ്. ഓണമായതുകൊണ്ട്‌ ചിലയിടങ്ങളിൽ തളിരിലയ്ക്ക് എട്ടു രൂപയ്ക്കാണ് വിൽപ്പന.

ഓണക്കാലം, കല്യാണ സീസൺ കൂടിയാണ്. കൂടാതെ, സംഘടനകളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം ഓണസദ്യക്ക്‌ വാഴയില നിർബന്ധം. ഇതാണ് വിൽപ്പന കൂട്ടുന്നതെന്ന് തൃശ്ശൂരിലെ വാഴയില കച്ചവടക്കാരനായ വി.എസ്. ഷൈജു പറയുന്നു. തിരുവോണത്തിനായി ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള 20,000 ഇലകൾക്ക് പുറമേ, 5,000 ഇലകളാണ് താൻ വിറ്റതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് പ്രധാനമായും വാഴയില വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. തൂത്തുക്കുടി മാർക്കറ്റാണ് ഇതിൽ പ്രധാനം. തമിഴ്‌നാട് മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കിയാണ് ഇവിടത്തെ വില. കേരളത്തിൽനിന്നും സംഭരണം ഉണ്ട്.

ചൊവ്വാഴ്ച 200 വലിയ ഇലകളുള്ള കെട്ടിന് തൂത്തുക്കുടി മാർക്കറ്റിൽ 4,700 രൂപയായിരുന്നു വില. നാലു ദിവസം മുമ്പ്, വില കെട്ടിന് 3,700 രൂപ മാത്രമായിരുന്നു. വില വർധിച്ചതോടെ കൂടുതൽ വ്യാപാരികളും സ്റ്റോക് എടുക്കുന്നത് നിർത്തിെവച്ചിരിക്കുകയാണ്.

വാഴയില ബിസിനസിൽ വില വർധനയുടെ ഭാരം ഉപഭോക്താക്കളെ അടിച്ചേൽപ്പിക്കുന്നതിൽ പരിധിയുണ്ടെന്നും അതിനാൽ ഇപ്രാവശ്യം കൂടുതൽ സ്റ്റോക് എടുത്തില്ലെന്നും കോഴിക്കോട് വാഴയില വ്യാപാരിയായ രമേശ് ബാബു പറഞ്ഞു. എന്നിട്ടും, 7,000 ഇലകൾ തിരുവോണത്തിനായി വിറ്റുവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലും വിവാഹ സീസൺ ഇക്കാലത്താണ്. പ്രളയം മൂലം വാഴകൃഷി മേഖലയിലെ നാശനഷ്ടവും വാഴയില വില വർധനയ്ക്ക് കാരണമായി.