ന്യൂയോര്‍ക്ക്: ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സന്ദര്‍ പിച്ചൈക്ക് ഈയാഴ്ച 'ബമ്പര്‍'. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ 3,53,939 ഓഹരികള്‍ ബുധനാഴ്ച അദ്ദേഹത്തിന് 'ശരിക്കും' സ്വന്തമാകും. കഴിഞ്ഞ വാരാന്ത്യത്തിലെ ഓഹരി വില അനുസരിച്ച് ഏതാണ്ട് 2,500 കോടി രൂപ (38 കോടി ഡോളര്‍) മൂല്യമുള്ളതാണ് ഈ ഓഹരികള്‍.

2014-ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പ്രൊമോഷന്‍ കിട്ടുന്നതിനു മുമ്പ് ലഭിച്ച ഓഹരികളാണ് ഇത്. നിയന്ത്രിത ഓഹരികളായിരുന്നു ഇതുവരെ. നാലു വര്‍ഷം പിന്നിട്ടതോടെ, ഇതിന്റെ നിയന്ത്രണങ്ങള്‍ നീങ്ങി. ഇനി എപ്പോള്‍ വേണമെങ്കിലും വില്‍ക്കാം.

2014-നുശേഷം ഇതിനു പുറമെ രണ്ടുതവണ കൂടി അദ്ദേഹത്തിന് ഓഹരി സമ്മാനമായി ലഭിച്ചിട്ടുണ്ട്. 2015 മുതല്‍ ആല്‍ഫബെറ്റിനു കീഴിലുള്ള പ്രധാന കമ്പനിയായ ഗൂഗിളിനെ നയിക്കുകയാണ് ഇന്ത്യക്കാരനായ പിച്ചൈ.