ന്യൂയോര്‍ക്ക്: ജര്‍മനിയിലെ രണ്ടാമത്തെ വലിയ ബാങ്കായ കൊമേഴ്‌സ് ബാങ്ക്, വയര്‍ലെസ് സ്​പീക്കര്‍ ബ്രാന്‍ഡായ സോനോസ്, വാഹന ഘടകങ്ങളുടെ സ്റ്റോര്‍ ശൃംഖലയായ പെപ് ബോയ്‌സ്, ഫയര്‍ഫോക്‌സ് തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് പരസ്യങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇത്.

ഇതോടെ, പരസ്യദാതാക്കളെയും പരസ്യ ഏജന്‍സികളെയും അനുനയിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍. ഡബ്ല്യു.പി.പി., ഡെന്‍സു, ഓംനികോം ഗ്രൂപ്പ്, ഗ്രൂപ്പ് എം തുടങ്ങിയ ആഗോള പരസ്യ ഏജന്‍സികളുടെ മേധാവികളെ ഫെയ്‌സ്ബുക്ക് അധികൃതര്‍ കണ്ടു. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുമെന്ന് അവരെ ധരിപ്പിച്ചു. പരസ്യദാതാക്കള്‍ അവരുടെ ബിസിനസ് വളര്‍ത്താനാണ് തങ്ങളുടെ സഹായം തേടുന്നതെന്നും അതിനാല്‍ ഫെയ്‌സ്ബുക്കിലെ അവരുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. വ്യവസായ കൂട്ടായ്മകളുടെ പ്രതിനിധികളുമായും അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുണ്ട്.