ന്യൂയോര്‍ക്ക്: വ്യവസായ ഉത്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടായില്ലെങ്കില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും 2008-ലെ നൊബേല്‍ പ്രൈസ് ജേതാവുമായ പോള്‍ ക്രുഗ്മാന്‍. നിര്‍മിത ബുദ്ധിയെക്കുറിച്ച് (എ.ഐ.) ഇന്ത്യക്കാര്‍ ജാഗരൂകരായിരിക്കണമെന്നും ഈ രംഗത്തെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ജപ്പാന്‍ ഇപ്പോള്‍ വന്‍ശക്തിയല്ലെന്നും അവിടെ ജോലി ചെയ്യുന്ന തൊഴില്‍ക്ഷമതയുള്ള ആളുകളുടെ എണ്ണം കുറയുകയാണെന്നും ചൈനയിലും സമാനമായ സ്ഥിതിയാണെന്നും ക്രുഗ്മാന്‍ ചൂണ്ടിക്കാട്ടി.

സേവന മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉത്പാദന മേഖല വികസിപ്പിച്ചെടുക്കാനായാല്‍ ഏഷ്യയില്‍ ഇന്ത്യക്ക് മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച അവിശ്വസനീയമാണെന്നും ചൈന മുന്നിലുള്ളതു കൊണ്ട് അത് ലോകത്തിനു മുമ്പില്‍ വേണ്ടതു പോലെ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും ക്രുഗ്മാന്‍ പറഞ്ഞു. ഇന്ത്യ വരും വര്‍ഷങ്ങളിലും മികച്ച സാമ്പത്തിക വളര്‍ച്ച കാഴ്ചവയ്ക്കും. തൊഴില്‍ ശേഷിയുള്ള ആളുകളുടെ എണ്ണം ഇന്ത്യയില്‍ കൂടുതലാണ്. എന്നാല്‍ ജപ്പാന്‍, ചൈന, ഇറ്റലി എന്നീ രാജ്യങ്ങളിലെ സ്ഥിതി നേരെ മറിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.