ന്യൂയോര്‍ക്ക്: അമേരിക്ക ആസ്ഥാനമായുള്ള രക്ത പരിശോധന സ്റ്റാര്‍ട്ട്അപ്പായ തെറാനോയുടെ സ്ഥാപകയും സി.ഇ.ഒയുമായ എലിസബത്ത് ഹോംസ് തട്ടിപ്പു നടത്തിയതായി കണ്ടെത്തി. അമേരിക്കന്‍ മൂലധന വിപണി നിയന്ത്രണ ബോര്‍ഡായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്.ഇ.സി.) ആണ് അവര്‍ കുറ്റം ചെയ്തതായി വിധിച്ചിരിക്കുന്നത്.

രക്ത സാമ്പിളില്‍ നിന്ന് ഓരോരുത്തരുടെയും രോഗങ്ങള്‍ കണ്ടെത്തുകയും അതിനനുസരിച്ചുള്ള മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയുണ്ടെന്നു പറഞ്ഞായിരുന്നു 34-കാരിയായ എലിസമ്പത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. ചുരുങ്ങിയ കാലംകൊണ്ട് വിവിധ നിക്ഷേപകരില്‍ നിന്നായി 4,500 കോടി രൂപ (70 കോടി ഡോളര്‍) യുടെ മൂലധന സമാഹരണം നടത്തുകയും ചെയ്തു.

പ്രതിയാക്കപ്പെട്ടതോടെ, അഞ്ചു ലക്ഷം ഡോളര്‍ പിഴ നല്‍കാമെന്ന് എലിസബത്ത് സമ്മതിച്ചിട്ടുണ്ടെന്ന് എസ്.ഇ.സി. അറിയിച്ചു. കമ്പനിയുടെ ഓഫീസര്‍, ഡയറക്ടര്‍ സ്ഥാനങ്ങളില്‍ 10 വര്‍ഷത്തേക്ക് വിലക്കുമുണ്ട്.