ന്യൂയോര്‍ക്ക്: അമേരിക്ക ആസ്ഥാനമായ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്' എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ 'വാള്‍ട്ട് ഡിസ്‌നി കമ്പനി' ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഡിസ്‌നിയെ സഹായിക്കും.

ഫോക്‌സിന്റെ ചലച്ചിത്ര-ടി.വി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടി.വി. ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും. ടി.വി. സ്റ്റേഷനുകളും ഫോക്‌സ് വാര്‍ത്താ ചാനലുകളും ഇടപാടിന് മുമ്പ് പ്രത്യേക കമ്പനിയാക്കി മാറ്റും.