indra nooyi
മൈ ലൈഫ് ഇൻ ഫുൾ ഇന്ദ്ര നൂയി

പെൺകുട്ടികൾ ബിസിനസ് രംഗത്ത്‌ ഇല്ലാത്തൊരു കാലത്താണ് ചെന്നൈയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇന്ദ്ര നൂയി, തന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പടികയറിയത്. ജോൺസൺ ആൻഡ് ജോൺസണിൽ കുറച്ചുകാലം ജോലിചെയ്ത ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് വിമാനം കയറി. പിന്നീട്, അവിടെ ജോലി ചെയ്യാനും തുടങ്ങി. അതിനിടെയാണ് ‘പെപ്സികോ’ എന്ന ആഗോള ശീതളപാനീയ കമ്പനിയിൽ ജോലി ലഭിക്കുന്നത്. അവിടെ പടിപടിയായി ഉയർന്ന് അതിന്റെ തലപ്പത്തുവരെയെത്തി. തനിക്ക് അത് പറ്റുമെങ്കിൽ നിങ്ങൾക്കും അതിന് സാധിക്കുമെന്നാണ് ‘മൈ ലൈഫ് ഇൻ ഫുൾ: വർക്ക്, ഫാമിലി, ആൻഡ് അവർ ഫ്യൂച്വർ’ എന്ന തന്റെ ആത്മകഥയിലൂടെ ഇന്ദ്ര നൂയി പറഞ്ഞുവയ്ക്കുന്നത്.

വായനക്കാർക്ക് തന്റെ ജീവിതവഴി തുറന്നുനൽകുകയാണ് മുൻ പെപ്സികോ സി.ഇ.ഒ. ഇന്ദ്ര നൂയി ഈ ഗ്രന്ഥത്തിലൂടെ. സത്യസന്ധതയും നർമവും കലർത്തിയാണ് ആഗോള ബിസിനസ് ലോകത്ത് മുൻനിരയിൽ എത്തിയ വഴികളടക്കം അവർ പറയുന്നത്. തുടക്കം മുതൽ ഓരോ പേജിലും വായനക്കാരെ ഒട്ടും മടുപ്പിക്കാത്ത വിധത്തിലാണ് അക്ഷരങ്ങൾ കഥപറയുന്നത്.

ജോലിയുടെ കൂടെ വീട്ടുകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ പലരും ജോലി വിടുമ്പോൾ അവർക്കൊക്കെ മാതൃകയായുകയാണ് നൂയിയുടെ അനുഭവങ്ങൾ. ബുദ്ധിമുട്ടുകൾക്കിടയിലും ജോലിയോടൊപ്പം കുടുംബത്തെയും മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞു. ഇതിനായി ശമ്പളത്തോടുകൂടി അവധി ദിനങ്ങളും തൊഴിലിടങ്ങൾ സൗഹൃദപരമാക്കുന്നതിനും വേണ്ടി നൂയി നടത്തിയ ശ്രമങ്ങളെക്കുറിച്ച് വളരെ വിശദമായിത്തന്നെ ആത്മകഥയിൽ പ്രതിപാദിച്ചിട്ടുണ്ട്. ജോൺസൺ ആൻഡ് ജോൺസണിൽ ജോലി ചെയ്തിരുന്ന കാലത്ത്, ആർത്തവ ശുചിത്വത്തെക്കുറിച്ച് പരസ്യത്തിനുപോലും നിരോധനമുണ്ടായിരുന്ന കാലത്ത് ശുചിത്വത്തിനായി സാനിറ്ററി നാപ്കിൻ എന്ന വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട് അത് വിപണനം ചെയ്യാനെടുത്ത വഴികൾ തുടങ്ങി, തൊണ്ണൂറുകളിൽ ബഹുരാഷ്ട്ര കമ്പനികൾ ഇന്ദ്ര നൂയിക്ക് മുന്നിൽ വാതിൽ തുറന്നപ്പോൾ ‘പെപ്സികോ’യുടെ തലപ്പത്ത് എത്തിയതുമൊക്കെ അവർ വിശദീകരിക്കുന്നുണ്ട്. വിപണിയിൽ ‘പെപ്സികോ’യുടെ മേധാവിത്വം നിലനിർത്താൻ നൂയി എടുത്ത ചുവടുകളും പുസ്തകത്തിൽനിന്ന് വായിച്ചെടുക്കാം.

ബാല്യകാലം മുതൽ ഒാരോ ചുവടുവെപ്പിലേക്കും നൂയി നമ്മളെ കൊണ്ടുപോകുന്നു. വായനക്കാർക്ക് പ്രചോദനം നൽകുന്നതിനോടൊപ്പം ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലായുണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാമെന്നാണ് ഈ ഗ്രന്ഥത്തിലൂടെ അവർ നമ്മളെ ഓർമിപ്പിക്കുന്നത്.

മൈ ലൈഫ് ഇൻ ഫുൾ

ഇന്ദ്ര നൂയി

പ്രസാധകർ: ഹഷെറ്റ് ഇന്ത്യ

വില: 699 രൂപ