ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ എടുക്കുന്ന ഒരു ആകാശ സെല്‍ഫി ഉടന്‍ േഫസ്ബുക്കിലോ വാട്ട്‌സ് ആപ്പിലോ ഇന്‍സ്റ്റഗ്രാമിലോ പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചാല്‍ അത് അതിമോഹമാകുമോ; ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സംശയവുമില്ല. കാരണം നിലവില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകില്ല. എന്നാല്‍, ഇനി നിരാശ വേണ്ട. വിമാന യാത്രക്കാര്‍ക്കും ഇന്റര്‍നെറ്റ് സേവനം ഉടന്‍ ലഭ്യമാകുകയാണ്. അതായത് വിമാനത്തില്‍ ബോറടിക്കാതെ ഇനി ചാറ്റ് ചെയ്യാം. േഫസ്ബുക്കും മറ്റ് സാമൂഹിക മാധ്യമങ്ങളും നോക്കാം. ലൈവ് ടി.വി. കാണാം...

സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. വാര്‍ത്താ വിനിമയ വകുപ്പിന്റെ പച്ചക്കൊടിയും ബി.എസ്.എന്‍.എല്ലിന് ലഭിച്ചിട്ടുണ്ട്. തടസ്സങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനായേക്കും.

നിലവില്‍ പ്രതിരോധ വിമാനങ്ങളില്‍ മാത്രമാണ് 'ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി' ഉള്ളത്. സുരക്ഷാ കാരണങ്ങളാലാണ് മറ്റു വിമാനങ്ങളില്‍ ഈ സൗകര്യം അനുവദിക്കാത്തത്. അന്താരാഷ്ട്ര മൊബൈല്‍ സാറ്റ്‌ലൈറ്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചായിരിക്കും ബി.എസ്.എന്‍.എല്‍. ഈ സേവനമൊരുക്കുക.

വൈ-ഫൈ റൂട്ടര്‍ വഴി യാത്രക്കാര്‍ക്ക്‌ േഡറ്റ ലഭിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി, ഏറ്റവും അടുത്ത സാറ്റ്‌ലൈറ്റില്‍ നിന്ന് സിഗ്നല്‍ സ്വീകരിക്കാന്‍ പാകത്തില്‍ വിമാനത്തില്‍ ആന്റിന സ്ഥാപിക്കും. ബാന്‍ഡ് വിഡ്ത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ.