ചെങ്ങമനാട്: കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻറെ പുതിയ ഉത്പന്നമായ മിൽമ ‘ഫോർട്ടിഫൈഡ്’ പാലിന്റെ സംസ്ഥാനതല വിപണനോദ്ഘാടനം 23-ന് ദേശത്ത് നടക്കുമെന്ൻ മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈറ്റമിൻ-എ, വൈറ്റമിൻ-ഡി എന്നിവ കൂടുതലായി ചേർത്ത് സമ്പുഷ്ടീകരിച്ച ഗുണനിലവാരമുള്ള പാലാണിത്.
വൈറ്റമിൻ-എ, വൈറ്റമിൻ-ഡി എന്നിവയുടെ കുറവുമൂലമുള്ള കാഴ്ചക്കുറവ്, ബലക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ‘ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ’യുടെ നിബന്ധനകൾക്ക് വിധേയമായി, ‘നാഷണൽ ഡെയറി ഡവലപ്മെന്റ് ബോർഡ്., ‘ടാറ്റ ട്രസ്റ്റ്’ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് പുതിയ പാൽ പുറത്തിറക്കുന്നത്.
എട്ടുകോടി രൂപ ചെലവിൽ ഇടപ്പള്ളി മിൽമ പ്ലാന്റിൽ അത്യാധുനിക ലാബ് സ്ഥാപിക്കും. ഏതു സംഘങ്ങൾക്കും ഇവിടെ പാലിൻറെ പരിശോധന നടത്താം.
23-ന് രാവിലെ 10.30-ന് ദേശം ഗ്രീൻ പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മിൽമ ഫോർട്ടിഫൈഡ് പാലിന്റെ വിപണനം ഉദ്ഘാടനം ചെയ്യും. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അധ്യക്ഷനാകും.
പത്രസമ്മേളനത്തിൽ മിൽമ മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, ഡെയറി ഡെവലപ്മെൻറ് ബോർഡ് സീനിയർ മാനേജർ റോമി ജേക്കബ് എന്നിവരും പങ്കെടുത്തു.