തിരുവനന്തപുരം: മിൽമയുടെ പുതിയ ഉല്പന്നമായ ‘ഹോമോജനൈസ്ഡ് ടോൺഡ് പാൽ 525 എം.എൽ.’ വിപണിയിലിറക്കി. മന്ത്രി ജെ.ചിഞ്ചുറാണി വിപണനോദ്ഘാടനം നിർവഹിച്ചു. വെള്ളനിറത്തിലുള്ള പായ്ക്കറ്റിൽ പുറത്തിറക്കിയ പാലിന് 25 രൂപയാണ് വില. 525 മില്ലി ലിറ്റർ പാലാകും പായ്ക്കറ്റിലുണ്ടാവുക.

കേരളത്തിലെ ക്ഷീരമേഖല സ്വയംപര്യാപ്തതയിലേക്കു സഞ്ചരിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. രാജ്യത്ത് ക്ഷീരകർഷകന് പാലിന് ഏറ്റവുമുയർന്ന വില നൽകുന്ന സംസ്ഥാനം കേരളമാണ്. നിലവിൽ ഒരു ലിറ്റർ പാലിന് 36 രൂപ വരെ കർഷകനു ലഭിക്കുന്നുണ്ട്. മിൽമ ഉല്പന്നങ്ങൾ കെ.എസ്‌.ആർ.ടി.സി.യുടെ സഹായത്തോടെ ഉപഭോക്താക്കളിലെത്തിക്കുന്ന ‘ഷോപ് ഓൺ വീൽസ്’ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മിൽമ ഉല്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ മിൽമയ്ക്കു വിട്ടുനൽകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു. മിൽമ കവറുകളിൽനിന്ന് കരകൗശല ഉല്പന്നങ്ങൾ നിർമിക്കുന്ന അടൂർ സ്വദേശിനി ലീലാമ്മ മാത്യുവിനെ മന്ത്രി ജെ.ചിഞ്ചുറാണി ആദരിച്ചു.

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ, അംഗങ്ങളായ വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻ പിള്ള, ക്ഷീരവികസന വകുപ്പ് ജോയന്റ് ഡയറക്ടർ സി.സുജയകുമാർ, മാനേജിങ് ഡയറക്ടർ ആർ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.