മുംബൈ: മാരുതി സുസുക്കിയുടെ മിനി എസ്.യു.വി.യായ എസ്-പ്രസോ വിപണിയിലിറക്കി. 3.69 ലക്ഷം മുതൽ 4.91 ലക്ഷം രൂപ വരെയാണ് ഷോറൂം വില.

ബി.എസ്. 6 നിബന്ധനകൾ പാലിക്കുന്ന ഒരു ലിറ്റർ കെ10 എൻജിനാണ് വാഹനത്തിന് കരുത്ത് പകരുക. മാനുവൽ, ഓട്ടോ ഗിയർ ഷിഫ്റ്റ് പതിപ്പുകൾ ലഭ്യമാണ്. പെട്രോൾ മോഡൽ മാത്രമാണ് ഇറക്കിയിരിക്കുന്നത്. ലിറ്ററിന് 21.7 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

സ്റ്റിയറിങ്ങിൽ ഓഡിയോ, വീഡിയോ നിയന്ത്രണങ്ങൾ നൽകിയിട്ടുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഇരട്ട എയർബാഗ്, ഇലക്‌ട്രോണിക് ബ്രേക്കിങ് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടു കൂടിയ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, റിയർ പാർക്കിങ് അസിസ്റ്റ് സിസ്റ്റം, ഹൈസ്പീഡ് വാണിങ് അലേർട്ട് തുടങ്ങിയവയാണ് സവിശേഷതകൾ. മാരുതി അരീന ഷോറൂമുകളിലൂടെയാണ് വില്പന.