ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യ ബലേനൊ ഡീസൽ നിരയ്ക്കും ആർ.എസ്. പെട്രോൾ പതിപ്പിനും വില കൂട്ടുന്നു. 15,000 രൂപ (എക്സ്‌ ഷോറൂം) വരെയാണ് വില കൂട്ടുന്നത്. വില കൂട്ടുന്നതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബലേനൊ ആർ.എസ്. ഒരു ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിന് 8.88 ലക്ഷം രൂപയാണ് പുതിയ വില. മുൻപ് 8.76 ലക്ഷം രൂപയായിരുന്നു വില. ബലേനൊ ഡീസൽ പതിപ്പിന് 6.73 ലക്ഷം മുതൽ 8.73 ലക്ഷം രൂപ വരെയാണ് പുതിയ എക്സ് ഷോറൂം വില. മുൻപ് 6.61 ലക്ഷം മുതൽ 8.60 ലക്ഷം രൂപ വരെയായിരുന്നു.

കഴിഞ്ഞ ദിവസം കമ്പനി ബി.എസ്. 6 മോഡൽ അവതരിപ്പിച്ചിരുന്നു. 1.2 പെട്രോൾ എൻജിൻ വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില 5.58 ലക്ഷം മുതൽ 8.6 ലക്ഷം രൂപ വരെയാണ്.

അതേസമയം, 2020 ഏപ്രിൽ ഒന്നു മുതൽ ഡീസൽ വാഹനങ്ങളുടെ ഉത്പാദനം നിർത്തുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ അറിയിച്ചു. ബി.എസ്. 6 വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. ചെറിയ കാറുകളിൽ ബി.എസ്. 6 ചട്ടങ്ങൾ അനുസരിച്ച് ഡീസൽ എൻജിനുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ചെലവ് കൂടുതലായതിനാലാണ് ഈ തീരുമാനം.

നിലവിൽ കമ്പനിയുടെ മൊത്തം വാഹനങ്ങളുടെ 23 ശതമാനം ഡീസൽ കാറുകളാണ്.
 

Content Highlights: maruti baleno price hike