കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന സ്റ്റാർട്ട് അപ്പായ ‘എൻട്രി’ (Entri) ആറുമാസത്തിനിടെ 23.25 കോടി രൂപയുടെ (31 ലക്ഷം ഡോളർ) മൂലധന നിക്ഷേപം നേടി. പ്രാരംഭ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഗുഡ് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നാണ് മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 14 ലക്ഷം ഡോളർ നേടിയതിന് പിന്നാലെ ഇപ്പോൾ 17 ലക്ഷം ഡോളർ കൂടി സമാഹരിച്ചിരിക്കുകയാണ്.
കാസർകോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീൻ, തൃശ്ശൂർ സ്വദേശി രാഹുൽ രമേശ് എന്നിവരുടെ നേതൃത്വത്തിൽ 2017-ൽ ആരംഭിച്ച സംരംഭം മൊബൈൽ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നൽകിവരുന്നു. മലയാളത്തിലുള്ള കോഴ്‌സുകളുമായായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിശീലനം ഒരുക്കുന്നുണ്ട്.
ഉപയോക്താക്കളുടെ എണ്ണം 30 ലക്ഷം കടന്നിട്ടുണ്ട്. ഇതിൽ 20 ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്. ഒന്നര വർഷത്തിനുള്ളിൽ ഇത് ഒരു കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ‘എൻട്രി’യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു.
പുതുതായി സമാഹരിച്ച തുക പുതിയ കോഴ്‌സുകൾ ഒരുക്കാനും വിപണനത്തിനുമാവും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗൺ കാലത്ത് ഉപയോക്താക്കളുടെ എണ്ണത്തിൽ 100 ശതമാനവും വരുമാനത്തിൽ 150 ശതമാനവും വർധന കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച അധ്യാപകരുടെ ക്ലാസുകൾ ഒരുക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്. 300 രൂപ മുതലാണ് കോഴ്സുകളുടെ ഫീസ്. ലോക്ക്ഡൗൺകാലത്ത് പ്രത്യേക ഓഫറിൽ കോഴ്സുകൾ ലഭ്യമാക്കി.
കോളേജ് പഠനകാലത്ത് തന്നെ സ്റ്റാർട്ട് അപ്പ് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ ഹിസാമുദ്ദീൻ, ‘എസ്.എം.എസ്. ഗ്യാൻ’ എന്ന സ്റ്റാർട്ട് അപ്പിലൂടെയാണ് ശ്രദ്ധേയനായത്.