കൊച്ചി: ലോകത്തിലെ അതിസമ്പന്നരുടെ ഈ വർഷത്തെ ഫോബ്‌സ് പട്ടികയിൽ 10 മലയാളികൾ ഇടംപിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തിമൂല്യം. ആഗോളതലത്തിൽ 589-ാം സ്ഥാനവും ഇന്ത്യയിൽ 26-ാമതുമാണ് അദ്ദേഹം. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്ക്‌ ഉണ്ടായിരുന്നത്.

330 കോടി ഡോളർ (24,500 കോടി രൂപ) ആസ്തിയോടെ ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളിൽ രണ്ടാമൻ. ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള, ബൈജൂസിന്റെ സഹ സ്ഥാപകൻ ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

എസ്.ഡി. ഷിബുലാൽ (190 കോടി ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളർ), മുത്തൂറ്റ് ഗ്രൂപ്പ് മേധാവികളായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് എന്നിവർ (130 കോടി ഡോളർ വീതം), കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ 100 കോടി ഡോളർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

Content Highlights:  LuLu group's MA Yusuff Ali is the richest Malayali in the world: Forbes