കൊച്ചി: തങ്ങളുടെ ആദ്യ എസ്.യു.വി.യായ ‘ഉറുസി’ന്റെ ഇന്ത്യയിലെ വില്പന 100 യൂണിറ്റ് കടന്നെന്ന് ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗിനി. 3.15 കോടിയോളം രൂപയുള്ള ‘ഉറുസി’ന്റെ ഇന്ത്യൻ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. മൂന്നു വർഷത്തിനിടെയാണ് ‘ഉറുസ്’ ഇന്ത്യയിൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഇറ്റലിയിലെ സന്ത് അഗ്ത ബൊളോണീസിലെ ശാലയിൽനിന്ന് ഇറക്കുമതി വഴിയാണ് ‘ഉറുസ്’ ഇന്ത്യയിൽ വില്പനയ്ക്കെത്തുന്നത്. ഇന്ത്യയിലെ ആദ്യ ബാച്ച് ‘ഉറുസ്’ ഉടമസ്ഥർക്ക്‌ കൈമാറിയത് 2018 സെപ്റ്റംബറിലായിരുന്നു. ഡെലിവറി തുടങ്ങി ആദ്യ വർഷത്തിനകം തന്നെ അൻപതിലേറെ ‘ഉറുസ്’ ഇന്ത്യയിലെത്തി.

‘ഉറുസി’ന്‌ കരുത്തേകുന്നത് നാലു ലിറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്; 650 ബി.എച്ച്.പി. വരെ കരുത്തും 850 എൻ.എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ട്‌ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള എസ്.യു.വി.യിലെ എൻജിനിൽ നിന്നുള്ള കരുത്ത് 40:60 എന്ന അനുപാതത്തിലാണ്‌ മുൻ, പിൻ ചക്രങ്ങളിലെത്തുക. 2.2 ടണ്ണോളം ഭാരമുണ്ടെങ്കിലും നിശ്ചലാവസ്ഥയിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഉറുസി’ന് വെറും 3.6 സെക്കൻഡ് മതിയെന്നാണ്‌ നിർമാതാക്കളുടെ അവകാശ വാദം.