കോട്ടയം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് തെളിവില്ലാത്ത കാര്യങ്ങളാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും മൊഴി നല്‍കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ കമ്മിഷനുമുന്നില്‍ ഹാജരായതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ചിലര്‍ സോളാര്‍ റിപ്പോര്‍ട്ടിനെ, കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്. സോളാര്‍ എന്നത് ഗ്രൂപ്പ് വിഷയമല്ല. എല്ലാ ഗ്രൂപ്പിലും നല്ലവരും മോശക്കാരുമുണ്ട്. സോളാര്‍ വിഷയത്തില്‍ പല അന്തര്‍നാടകങ്ങളും നടന്നു. തന്നെ കുഴപ്പക്കാരനായി ചിത്രീകരിക്കാന്‍വരെ ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.